കൊല്ലം- എറണാകുളം പാതയിലെ: പുതിയ മെമുവിൽ 'സ്പെഷ്യൽ' കൊള്ള!

Thursday 10 October 2024 12:12 AM IST

കൊല്ലം: കൊല്ലം- എറണാകുളം പാതയിൽ അനുവദിച്ച പുതിയ മെമുവിന് 'സ്പെഷ്യൽ' പരിവേഷമുള്ളതിനാൽ യാത്രക്കാരുടെ പോക്കറ്റ് കീറുന്നു. മറ്റ് മെമു ട്രെയിനുകൾക്ക് 10 രൂപയാണ് മിനിമം നിരക്ക്. എന്നാൽ പുതിയ മെമുവിന് എക്സ്‌പ്രസ് ട്രെയിനുകളിലെ നിരക്കായ 30 രൂപയാണ്.

പുതിയ മെമു സ്പെഷ്യൽ ട്രെയിനായി ആരംഭിച്ചതാണ് എകസ്‌പ്രസ് നിരക്ക് ഈടാക്കാൻ കാരണം. പുതിയ മെമുവും പാസഞ്ചർ ട്രെയിനുകളും ആരംഭിക്കുമ്പോൾ പാസഞ്ചർ നിരക്കാണ് നേരത്തെ ഈടാക്കിയിരുന്നത്. കൊവിഡിന് ശേഷമാണ് പുതിയ സർവീസുകളെല്ലാം സ്പെഷ്യൽ വേഷത്തിലെത്തിയത്. പുതിയ മെമുവും ആറ് മാസം വരെ സ്പെഷ്യൽ സർവീസ് ആയിരിക്കുമെന്നാണ് റെയിൽവേ അധികൃതരുടെ വിശദീകരണം. ആറ് മാസത്തിന് ശേഷം യാത്രക്കാരുടെ പ്രതികരണം പരിശോധിച്ച് സർവീസ് സ്ഥിരമാക്കുന്നത് ആലോചിക്കും. അപ്പോൾ പാസഞ്ചർ നിരക്കിലേക്ക് മാറ്റുമെന്നാണ് റെയിൽവേ അധികൃതർ പറയുന്നത്.

രാവിലെ എറണാകുളം ഭാഗത്തേക്കുള്ള ട്രെയിനുകളുടെ കുറവ് കാരണം വല്ലാത്ത ദുരിതമാണ് പതിവ് യാത്രക്കാർ അനുഭവിക്കുന്നത്. തിക്കും തിരക്കും കാരണം യാത്രക്കാർ ട്രെയിനിൽ കുഴുഞ്ഞുവീഴുന്ന അവസ്ഥയുമുണ്ടായി. ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെെയാണ് പുതിയ മെമു സർവീസ് ആരംഭിച്ചത്.

മി​നി​മം നി​രക്കി​ൽ 20 രൂപയുടെ വർദ്ധന

 ഉയർന്ന നിരക്ക് ബാധിക്കുന്നത് പതിവുകാരല്ലാത്ത യാത്രക്കാരെ

 എക്സ്‌പ്രസ് നിരക്ക് സീസൺ ടിക്കറ്റുകാരെ ബാധിക്കില്ല  എല്ലാ കോച്ചുകളും ജനറൽ  ഏത് കമ്പാർട്ടുമെന്റിലും സീസൺ ടിക്കറ്റുകാർക്ക് കയറാം

പുതിയ എറണാകുളം മെമു ട്രെയിൻ ടിക്കറ്റ് നിരക്ക് മറ്റ് മെമുകളുടേതിന് സമാനമാക്കണം. നിലവിലെ നിരക്ക് പതിവുകാരല്ലാത്ത യാത്രക്കാർക്ക് വലിയ ഭാരമാണ്.

രതിൻ, മേവറം