അഭയാർത്ഥിയായെത്തി, ഗാന്ധിഭവന്റെ കാരണവരായി

Thursday 10 October 2024 12:13 AM IST

കൊല്ലം: അഭയാർത്ഥിയായിട്ടാണ് എത്തിയതെങ്കിലും പതിയെ പത്തനാപുരം ഗാന്ധിഭവന്റെ കാരണവരായി മാറുകയായിരുന്നു ടി.പി.മാധവൻ. ഹരിദ്വാർ യാത്രയ്ക്കിടെ ടി.പി.മാധവൻ ഡൽഹിയിലെ ഹോട്ടൽ മുറിയിൽ കുഴഞ്ഞുവീണിരുന്നു. ഒരാഴ്ചയോളം ആശുപത്രി ഐ.സി.യുവിൽ കഴിയേണ്ടി വന്നു. പിന്നീട് തിരുവനന്തപുരത്തെ ലോഡ്ജ് മുറിയിൽ ആശ്രയമില്ലാതെ കഴിയുമ്പോഴാണ് സീരിയൽ സംവിധായകൻ പ്രസാദ് നൂറനാട് ടി.പി.മാധവനെ പത്തനാപുരം ഗാന്ധിഭവനിൽ എത്തിച്ചത്.

ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂ‌ർ സോമരാജൻ, പ്രശസ്ത സിനിമാ നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റും ഗാന്ധിഭവൻ കുടുംബാംഗവുമായ പാലാ തങ്കം എന്നിവരുടെ നേതൃത്വത്തിലാണ് അന്ന് ടി.പിയെ സ്വീകരിച്ചത്. കൃത്യമായ പരിചരണത്തിലൂടെ ടി.പി.മാധവൻ പൂർണ ആരോഗ്യാവസ്ഥയിലേക്ക് തിരിച്ചെത്തുകയും ഗാന്ധിഭവന്റെ കാരണവർ സ്ഥാനം സ്വയം ഏറ്റെടുക്കുകയുമായിരുന്നു. ഗാന്ധിഭവന്റെ നേതൃത്വത്തിൽ നടക്കുന്ന ചടങ്ങുകളിലെല്ലാം പ്രമുഖരെ ആദരിക്കാനും സമ്മാനങ്ങൾ നൽകാനുമൊക്കെ നിയോഗിക്കപ്പെട്ടു. പരിചയപ്പെടുത്തലിന്റെ ആവശ്യകത ഇല്ലാത്തതുകൊണ്ടുതന്നെ രാഷ്ട്രീയ, സിനിമാ, ഉദ്യോഗസ്ഥ മേഖലകളിലുള്ളവർക്കെല്ലാം ടി.പി പ്രിയപ്പെട്ടവനായി മാറി. ഗാന്ധിഭവനിൽ നടന്നുവരുന്ന ഗുരുവന്ദനത്തിന്റെ മുഖ്യാതിഥി എന്നും ടി.പി മാധവൻ തന്നെയാണ്. മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരുമൊക്കെ ഗാന്ധിഭവനിലേക്ക് എത്തുമ്പോഴും കുശലം പറഞ്ഞും വിശേഷങ്ങൾ പങ്കുവച്ചും ടി.പി.മാധവൻ അവർക്കിടയിലെ മുഖ്യനായി മാറുന്നതാണ് ഇന്നലെകളിൽ കണ്ടത്. ഡോ.പുനലൂർ സോമരാജനൊപ്പം മറ്റ് വേദികളിലും ടി.പിയുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. ഗാന്ധിഭവനിൽ പ്രത്യേക സൗകര്യങ്ങളും ടി.പിക്ക് നൽകിയിരുന്നു.