കൈയ്ക്ക് ഒടിവേറ്റു, പട്ടാളക്കാരനാകാൻ കഴിഞ്ഞില്ല
കൊല്ലം: 'എനിയ്ക്ക് പട്ടാളക്കാരനാകണം!" ക്ളാസ് മുറിയിൽ 'നിനക്ക് ആരാകാനാണ് ആഗ്രഹമെന്ന' അദ്ധ്യാപകന്റെ ചോദ്യത്തിന് അന്ന് ടി.പി.മാധവൻ നൽകിയ ഉത്തരമാണിത്. ചെറിയ ക്ളാസിൽ പഠിക്കുമ്പോൾ മനസിലുദിച്ച ആഗ്രഹമായിരുന്നു രാജ്യത്തെ സേവിക്കുന്ന പട്ടാളക്കാരനാകണമെന്നത്. ലക്ഷ്യത്തിലെത്താനുള്ള വലിയ പരിശ്രമങ്ങൾ നടത്തി, സ്വപ്നം പൂവണിയുമെന്ന ഘട്ടമെത്തിയിട്ടും പട്ടാളക്കാരനാകാൻ കഴിയാഞ്ഞതിന്റെ സങ്കടങ്ങൾ പലപ്പോഴും മാധവൻ പലരോടും പറഞ്ഞിരുന്നു. തിരുവനന്തപുരത്ത് ബിരുദ പഠനത്തിന് ശേഷം ആഗ്ര യൂണിവേഴ്സിറ്റിയിൽ നിന്ന് സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദം നേടി. തുടർന്നാണ് ആർമിയിൽ ജോലിക്കായി ടെസ്റ്റ് എഴുതിയത്. ടെസ്റ്റ് പാസായി, സെലക്ഷൻ ലഭിച്ചു. എന്നാൽ നിർണായക ദിവസമെത്തിയപ്പോഴേക്കും വീഴ്ചയിൽ കൈയ്ക്ക് ഒടിവേറ്റു. ഇതോടെ പട്ടാളക്കാരനാകാൻ ഇനി പറ്റില്ലെന്ന സത്യം ബോദ്ധ്യപ്പെട്ടു. വലിയ നിരാശയുണ്ടായെങ്കിലും വെള്ളിത്തിരയിൽ യൂണിഫോമിട്ട ഒട്ടേറെ വേഷങ്ങൾ കൈകാര്യം ചെയ്താണ് ആശ്വാസം കണ്ടെത്തിയത്.