ഡൽഹിയിൽ പരമ്പര
ബംഗ്ളാദേശിന് എതിരായ രണ്ടാം ട്വന്റി-20യിൽ 86 റൺസിന് ജയം,ഇന്ത്യയ്ക്ക് പരമ്പര
ഇന്ത്യ 221/9,ബംഗ്ളാദേശ് 135/9
നിതീഷ് കുമാറിനും(74) റിങ്കു സിംഗിനും(53) അർദ്ധസെഞ്ച്വറികൾ, രണ്ട് വിക്കറ്റുകളും വീഴ്ത്തി നിതീഷ് മാൻ ഒഫ് ദ മാച്ച്
ന്യൂഡൽഹി : ഡൽഹിയിൽ നടന്ന രണ്ടാം ട്വന്റി-20 ക്രിക്കറ്റ് മത്സരത്തിൽ ബംഗ്ളാദേശിനെ 86 റൺസിന് തോൽപ്പിച്ച് ഇന്ത്യ മൂന്ന് മത്സരപരമ്പരയിൽ 2-0ത്തിന് മുന്നിലെത്തി.ഇന്നലെ ഇന്ത്യ ഉയർത്തിയ 221/9 എന്ന സ്കോറിന് മുന്നിൽ 135/9ൽ അവസാനിക്കുകയായിരുന്നു ബംഗ്ളാദേശ്.
തുടക്കത്തിൽ മൂന്നുവിക്കറ്റുകൾ നഷ്ടമായെങ്കിലും പിന്നെ കത്തിക്കയറിയാണ് ഇന്ത്യ 222 റൺസ് ലക്ഷ്യമായി നൽകിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യയ്ക്ക് 41 റൺസ് എടുക്കുന്നതിനിടെ സഞ്ജു സാംസൺ (10),അഭിഷേക് ശമ്മ (15), നായകൻ സൂര്യകുമാർ യാദവ് (8) എന്നിവരെ നഷ്ടമായിരുന്നു. തുടർന്ന് യുവതാരം നിതീഷ് കുമാർ റെഡ്ഡിയും (34 പന്തുകളിൽ നാലുഫോറും ഏഴു സിക്സുമടക്കം 74 റൺസ്) റിങ്കു സിംഗും (29 പന്തുകളിൽ അഞ്ചു ഫോറും മൂന്ന് സിക്സുമടക്കം 53 റൺസ്) ചേർന്ന് നാലാം വിക്കറ്റിൽ കൂട്ടിച്ചേർത്ത 108 റൺസാണ് കളിയുടെ ഗതിമാറ്റിയത്. ഹാർദിക്കും (19 പന്തുകളിൽ രണ്ടുവീതം ഫോറും സിക്സുമടക്കം 32) റിയാൻ പരാഗും (ആറുപന്തുകളിൽ രണ്ട് സിക്സടക്കം 15) സ്കോർ 200 കടത്തി. അവസാന ഏഴുപന്തുകളിലാണ് ഇന്ത്യയ്ക്ക് നാലുവിക്കറ്റുകൾ നഷ്ടമായത്. മറുപടിക്കിറങ്ങിയ ബംഗ്ളാദേശിനെ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തിയ വരുൺ ചക്രവർത്തിയും നിതീഷ് റെഡ്ഡിയും ഓരോ വിക്കറ്റ് വീഴ്ത്തിയ അർഷ്ദീപ് സിംഗ്,വാഷിംഗ്ടൺ സുന്ദർ,അഭിഷേക് ശർമ്മ,മയാങ്ക് യാദവ്,റിയാൻ പരാഗ് എന്നിവരും ചേർന്നാണ് എറിഞ്ഞൊതുക്കിയത്.41 റൺസെടുത്ത മഹ്മൂദുള്ളയാണ് ബംഗ്ളാദേശിന്റെ ടോപ് സ്കോററർ.
നിരാശപ്പെടുത്തി സഞ്ജു
രാത്രിയിലെ മഞ്ഞിന്റെ ആനുകൂല്യം ചേസിംഗിൽ ലഭിക്കാനായി ടോസ് ലഭിച്ചപ്പോൾ ബൗളിംഗ് തിരഞ്ഞെടുത്ത ബംഗ്ളാദേശിന് കുറച്ചുകൂടി ആത്മവിശ്വാസം പകരുന്നതായിരുന്നു ഇന്ത്യൻ മുൻനിരയുടെ പ്രകടനം. ഗ്വാളിയോറിൽ നടന്ന ആദ്യ മത്സരത്തിൽ മികച്ച ഷോട്ടുകളുമായി ശ്രദ്ധ പിടിച്ചുപറ്റിയിരുന്ന മലയാളി താരം സഞ്ജു സാംസൺ ഇന്നലെയും രണ്ട് തകർപ്പൻ ബൗണ്ടറികൾ പറത്തിയെങ്കിലും രണ്ടാം ഓവറിൽതന്നെ മടങ്ങിയത് തിരിച്ചടിയായി. മെഹ്ദി ഹസൻ മിറാസിന്റെ ആദ്യ പന്ത് തടുത്തിട്ട സഞ്ജു രണ്ടാം പന്ത് കവർ ഡ്രൈവിലൂടെയും മൂന്നാം പന്ത് മിഡ് ഓഫിനും എക്സ്ട്രാ കവറിനും ഇടയിലൂടെയും ബൗണ്ടറി പായിച്ചിരുന്നു. രണ്ടാം ഓവറിൽ തുടർച്ചയായി സ്ളോ ബാളുകൾ എറിഞ്ഞ ടാസ്കിൻ അഹമ്മദിനെ ലോബ് ചെയ്യാൻ സഞ്ജു ശ്രമിച്ചെങ്കിലും നേരേ മിഡ് ഓഫിൽ നജ്മുൽ ഹുസൈൻ ഷാന്റോയുടെ കൈകളിലേക്ക് എത്തുകയായിരുന്നു. ഏഴുപന്തുകളിൽ 10 റൺസാണ് സഞ്ജുവിന് നേടാനായത്.
അടുത്ത ഓവറിന്റെ അവസാന പന്തിൽ അഭിഷേക് ശർമ്മയുടെ(15) ഓഫ്സ്റ്റംപ് തൻസീം ഹസൻ കരണം മറിച്ചതോടെ ഇന്ത്യ 25/2 എന്ന നിലയിലായി. തുടർന്ന് കളത്തിൽ ഒരുമിച്ച സൂര്യകുമാറും നിതീഷ് കുമാറും ചേർന്ന് സ്കോർ ഉയർത്താൻ നോക്കിയെങ്കിലും അധികം മുന്നോട്ടുപോയില്ല. അഞ്ചാം ഓവറിൽ തൻസീമിന്റെ പന്തിൽ ലിട്ടൺ ദാസ് നിതീഷിന്റെ ക്യാച്ച് കൈവിട്ടെങ്കിലും അടുത്ത ഓവറിൽ സൂര്യകുമാറിനെ മുസ്താഫിസുർ ഷാന്റോയുടെ കയ്യിലെത്തിച്ചു.
കരുത്തുറ്റ കൂട്ടുകെട്ട്
റിങ്കുവും നിതീഷും ക്രീസിൽ ഒരുമിച്ചതാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ഏഴാം ഓവറിൽ ഇവർ ടീമിനെ 50 കടത്തി.പിന്നീട് കത്തിക്കയറാൻ തുടങ്ങി. 10 ഓവറുകൾ പൂർത്തിയായപ്പോൾ ടീം 100ലെത്തിയിരുന്നു. 14-ാം ഓവറിൽ ടീം സ്കോർ 149ൽ നിൽക്കുമ്പോഴാണ് നിതീഷ് പുറത്തായത്. തുടർന്ന് റിങ്കുവും ഹാർദിക്കും ചേർന്ന് അടി തുടങ്ങി.17-ാം ഓവറിൽ ടാസ്കിനാണ് റിങ്കുവിനെ പുറത്താക്കിയത്.
പരാഗ് 19-ാം ഓവറിൽ മടങ്ങി. ഹാർദിക്,വരുൺ(0), അർഷ്ദീപ് (6) എന്നിവർ അവസാന ഓവറിലാണ് പുറത്തായത്.
200+
ആദ്യമായാണ് ഇന്ത്യ ബംഗ്ളാദേശിനെതിരെ ട്വന്റി-20യിൽ 200 റൺസിൽ അധികം നേടുന്നത്.
16
ഇന്ത്യയുടെ ഹോംഗ്രൗണ്ടുകളിലെ തുടർച്ചയായ 16-ാം ട്വന്റി-20 പരമ്പര വിജയമാണിത്. 2019ന് ശേഷം ഇന്ത്യ ഇതുവരെ ട്വന്റി-20 പരമ്പരയിൽ തോറ്റിട്ടില്ല.
1
തന്റെ രണ്ടാം ട്വന്റി-20ക്കിറങ്ങിയ നിതീഷിന്റെ ആദ്യ അർദ്ധസെഞ്ച്വറിയും മാൻ ഒഫ് ദ മാച്ചും.
3
റിങ്കുസിംഗിന്റെ മൂന്നാം അന്താരാഷ്ട്ര അർദ്ധസെഞ്ച്വറി
മൂന്നാം ട്വന്റി-20 ശനിയാഴ്ച ഹൈദരാബാദിൽ നടക്കും.