കെ-റീപ് സോഫ്റ്റ്‌വെയർ നടപ്പാക്കും: മന്ത്രി ബിന്ദു

Thursday 10 October 2024 1:27 AM IST

തിരുവനന്തപുരം: സർവകലാശാലകളെയും കോളേജുകളെയും ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന കെ-റീപ്പ് സോഫ്റ്റ്‌വെയർ സംവിധാനം നടപ്പാക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു. നിലവിൽ സർവകലാശാലകളിലെല്ലാം കമ്പ്യൂട്ടർ സേവനങ്ങളുണ്ടെങ്കിലും ഇവയ്ക്ക് പരസ്പ്പര ബന്ധമില്ല. ഇവയെ കേരള റിസോഴ്‌സ് ഫോർ എജുക്കേഷൻ അഡ്മിനിസ്‌ട്രേഷൻ ആൻഡ് പ്ലാനിംഗ് (കെ-റീപ്പ്) വഴി ഒരുമിപ്പിക്കും. വിദ്യാർത്ഥി പ്രവേശനം മുതൽ സർട്ടിഫിക്കറ്റ് വിതരണം വരെ ഈ പോർട്ടലിലൂടെയായിരിക്കും. അസാപ് കേരളയുടെ നേതൃത്വത്തിൽ യൂണിവേഴ്‌സിറ്റി ആൻഡ് കോളജ് മാനേജ്‌മെന്റ് സിസ്റ്റം ഇതിനായി വികസിപ്പിച്ചുവെന്ന് തിരുവനന്തപുരം ഐ.എം.ജിയിൽ ഉന്നത വിദ്യാഭ്യാസ കൗൺസിലും അസാപ് കേരളയും നടത്തിയ പരിശീലന പരിപാടിയിൽ മന്ത്രി പറഞ്ഞു. കെ-റീപ്പ് സോഫ്റ്റ്‌വെയർ സംവിധാനം കണ്ണൂർ,സംസ്‌കൃത,മലയാളം സർവകലാശാലകളിൽ നടപ്പിലാക്കിയെന്നും മന്ത്രി പറഞ്ഞു. ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രൊഫ. രാജൻ ഗുരുക്കൾ,മെമ്പർ സെക്രട്ടറി ഡോ. രാജൻ വറുഗീസ്,റിസർച്ച് ഓഫീസർ ഡോ. സുധീന്ദ്രൻ കെ എന്നിവർ പ്രസംഗിച്ചു.