ഡോക്ടർ കൈക്കൂലി ചോദിച്ചെന്ന് പരാതി

Thursday 10 October 2024 1:45 AM IST

#ശബ്ദരേഖ പുറത്തുവിട്ട് പരാതിക്കാരി

അടൂർ: ശസ്ത്രക്രിയ നടത്താൻ അടൂർ ജനറൽ ആശുപത്രിയിലെ ഡോക്ടർ പണം ആവശ്യപ്പെട്ടെന്ന് പരാതി. അസി.സർജൻ എസ്.വിനീത് പണം ആവശ്യപ്പെടുന്നതിന്റെ ശബ്ദരേഖയുമായി കേരള കാരുണ്യ ഭിന്നശേഷി അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി അടൂർ കരുവാറ്റ പൂമൂട് മാധവം വീട്ടിൽ വിജയശ്രീയാണ് ആശുപത്രി സൂപ്രണ്ട് ജെ. മണികണ്ഠന് പരാതി നൽകിയത്

. ചെന്നൈയിലായിരുന്ന സഹോദരി വിജയാദേവിയുടെ(51) പുറത്തെ മുഴ നീക്കം ചെയ്യുന്നതിന് ശസ്ത്രക്രിയ നടത്തുന്നതിനെക്കുറിച്ച് അറിയാൻ സെപ്തംബർ 17 നാണ് വിജയശ്രീ ഡോക്ടറെ കണ്ടത്.. ഏറ്റവും അടുത്ത ദിവസം ചെയ്യണമെങ്കിൽ 12000 രൂപ ചെലവ് വരുമെന്ന് ഡോക്ടർ പറഞ്ഞത്രെ. പിന്നീട് അതേ ആശുപത്രിയിലെ ഡോ.ശോഭയാണ് പണച്ചെലവില്ലാതെ ശസ്ത്രക്രിയ നടത്തിയത്. ആശുപത്രി സൂപ്രണ്ടിന് പരാതി നൽകിയിട്ടും നടപടിയുണ്ടാകാതെ വന്നതോടെയാണ് ഫോൺ സംഭാഷണം പുറത്തു വിട്ടത്.

ഇതുസംബന്ധിച്ച് ഡോക്ടറോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. സംഭവം വിവാദമായതോടെ പത്തനംതിട്ട വിജിലൻസ് വിജയശ്രീയോട് വിവരങ്ങൾ അന്വേഷിച്ചു. രേഖാമൂലം പരാതി നൽകാനോ മൊഴി നൽകാനോ തയ്യാറല്ലെന്നും ഡോക്ടറെ താക്കീത് ചെയ്താൽ മതിയെന്നുമാണ് വിജയശ്രീയുടെ നിലപാട്. ഡോക്ടർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് .യൂത്ത് കോൺഗ്രസും എ.ഐ.വൈ.എഫും യുവമോർച്ചയും ആശുപത്രിയിലേക്ക് മാർച്ച് നടത്തി. ആരോഗ്യമന്ത്രിയുമായി ചർച്ച നടത്തിയെന്നും, അന്വേഷണം നടത്തുമെന്നും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു.