അരിതബാബുവിന്റെ മാലയും കമ്മലും മോഷണം പോയി

Thursday 10 October 2024 2:12 AM IST

തിരുവനന്തപുരം: പ്രതിപക്ഷ യുവജനസംഘടനകളുടെ നിയമസഭാമാർച്ചിനിടെ ജലപീരങ്കി പ്രയോഗത്തിൽ പരിക്കേറ്റ യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷ അരിതാബാബുവിന്റെ മാലയും കമ്മലും മോഷണം പോയി. തിങ്കളാഴ്ച തലസ്ഥാനത്ത് നടന്ന പ്രതിഷേധത്തിനിടെ പരിക്കേറ്റ അരിതയെ സി.ടി സ്കാനിംഗിനായി ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഈ സമയത്ത് ഊരിയ കമ്മലും മാലയുമാണ് കാണാതായത്.

സി.ടി സ്കാനിംഗ് സെന്ററിനുള്ളിലേക്ക് കയറും മുമ്പ് സഹപ്രവർത്തകയുടെ ബാഗിലായിരുന്നു ഒന്നരപ്പവനോളം വരുന്ന സ്വർണാഭരണങ്ങൾ സൂക്ഷിച്ചത്. സ്കാനിംഗ് സെന്ററിന് മുന്നിലെ ഇരിപ്പിടത്തിൽ ബാഗ് വച്ചിട്ട് സഹപ്രവർത്തക സ്കാനിംഗിന്റെ പണം അടയ്ക്കാൻ പോയിരുന്നു. ഒന്നരമണിക്കൂറിനുശേഷം അരിത സ്കാനിംഗ് കഴിഞ്ഞ് പുറത്തിറങ്ങി മാലയും കമ്മലും നോക്കിയപ്പോഴാണ് നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. അരിതയുടെ പരാതിയിൽ കന്റോൺന്മെന്റ് പൊലീസ് കേസെടുത്തു. അടുത്തിടെ പഴയമാല മാറി വാങ്ങിയതാണിവ.

90,000 രൂപയോളം വിലവരും.