രേഖകളിൽ നിന്ന് നീക്കം ചെയ്തത് സഭാ ടി.വിയിലുണ്ടാവില്ല: സ്പീക്കർ

Thursday 10 October 2024 3:48 AM IST

തിരുവനന്തപുരം: നിയമസഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യുന്ന പരാമർശങ്ങൾ പ്രക്ഷേപണം ചെയ്യപ്പെടാതിരിക്കാനാണ് സഭാ ടി.വിയിലേത് പത്ത് മിനിട്ട് വൈകി സംപ്രേക്ഷണം ചെയ്യുന്നതെന്ന് സ്പീക്കർ എ.എൻ.ഷംസീർ. പറഞ്ഞു. സഭാ ടിവിയുടെ പുതിയ ചാനലായ സഭാ ടിവി എക്സ്ക്ലൂസീവിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്റർ (കെ ലാംപ്‌സ്) ആരംഭിക്കുന്ന പി.ജി ഡിപ്ലോമ ഇൻ പാർലമെന്ററി സ്റ്റഡീസ്, ബേസിക് സർട്ടിഫിക്കറ്റ് കോഴ്‌സിന്റെ പ്രഖ്യാപനവും സ്പീക്കർ നടത്തി. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ. മേരി പുന്നൻ ലൂക്കോസിന്റെ നിയമസഭാ അംഗത്വത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് സഭാ ടിവി നിർമ്മിച്ച ‘മേരി പുന്നൻ ലൂക്കോസ്: ചരിത്രം പിറന്ന കൈകൾ’ എന്ന ഡോക്യുമെന്ററിയുടെ പ്രകാശനം യു. പ്രതിഭ എം.എൽ.എ നിർവഹിച്ചു. നിയമസഭാ സെക്രട്ടറി ഡോ.എൻ.കൃഷ്ണകുമാർ, കെ ലാംപ്‌സ് എക്‌സിക്യുട്ടീവ് ഡയറക്ടർ പി.ഹരി എന്നിവർ പ്രസംഗിച്ചു. മന്ത്രിമാരായ പി.രാജീവ്, കെ.കൃഷ്ണൻകുട്ടി, എ.കെ.ശശീന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ, ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്, തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങ് പ്രതിപക്ഷം ബഹിഷ്കരിച്ചു. സഭയിൽ പ്രതിപക്ഷ പ്രതിഷേധങ്ങളും പ്രസംഗവും എഡിറ്റ് ചെയ്താണ് നൽകുന്നതെന്ന് ചൂണ്ടിക്കാട്ടിയ വി.ഡി.സതീശൻ,​ ഇതിലുള്ള പ്രതിഷേധമായാണ് ബഹിഷ്കരണമെന്ന് അറിയിച്ചു.