ശബരിമല: സ്പോട്ട് ബുക്കിംഗിന് സമ്മർദ്ദം ശക്തം

Thursday 10 October 2024 3:07 AM IST

പത്തനംതിട്ട: ശബരിമല ദർശനത്തിനുള്ള സ്പോട്ട് ബുക്കിംഗ് പുനഃസ്ഥാപിക്കാൻ ദേവസ്വം ബോർഡിനും സർക്കാരിനും മേൽ സമ്മർദ്ദം ശക്തം. ഇന്നും നാളെയുമായി തിരുവനന്തപുരത്ത് ബോർഡ് ആസ്ഥാനത്ത് നടക്കുന്ന ശബരിമല അവലോകനയോഗത്തിൽ വിഷയം ചർച്ചയായേക്കും. സർക്കാർ ഇനി വിളിച്ചു ചേർക്കുന്ന ശബരിമല അവലോകന യോഗത്തിൽ ദേവസ്വം ബോർഡ് ഇത് സംബന്ധിച്ച പ്രതികരണങ്ങൾ അറിയിക്കും.

ശബരിമല ദർശനത്തിന് മാലിയിട്ടെത്തുന്ന ഒരു ഭക്തനും തിരിച്ചു പോകേണ്ടിവരില്ലെന്നാണ് നിവേദനം നൽകിയ ഹിന്ദു സംഘടനാനേതാക്കളെ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറിയിച്ചത്.സ്പോട്ട് ബുക്കിംഗ് നിറുത്തലാക്കുന്നതിനെതിരായ പരാതികൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ബോർഡ് അംഗം അഡ്വ. എ. അജികുമാർ പറഞ്ഞു.

സർക്കാരിന്

അധികാരമില്ല

ദേവസ്വം ബോർഡ് നടത്തുന്ന സ്പോട്ട് ബുക്കിംഗ് നിറുത്തലാക്കാൻ സർക്കാരിന് അധികാരമില്ലെന്ന് ഹിന്ദു റിലീജിയസ് ഇൻസ്റ്റിറ്റ്യൂഷൻ ആക്ടിൽ പറയുന്നു. കേരളം രൂപീകരിക്കുന്നതിന് മുൻപേ രൂപീകരിച്ച ദേവസ്വം ബോർഡിനാണ് ശബരിമലയിലെ നടത്തിപ്പ് ചുമതലയെന്ന് ആക്ടിലെ സെക്ഷൻ മൂന്ന്, 15,16, 31 വകുപ്പുകളിൽ പറയുന്നുണ്ടെന്ന് മുൻ ദേവസ്വം ഡെപ്യൂട്ടി കമ്മിഷണർ സി.ആർ. രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടി. സംസ്ഥാന രൂപീകരണത്തിനു ശേഷം ദേവസ്വം ബോർഡിൽ നിയമപരിഷ്കാരങ്ങൾ ഏറെ നടപ്പാക്കിയെങ്കിലും വകുപ്പുകളിൽ മാറ്റം വരുത്തിയിട്ടില്ല. 2022 മുതൽ ഹൈക്കോടതി അനുമതിയോടെ ദേവസ്വം ബോർഡാണ് ഓൺലൈൻ , സ്പോട്ട് ബുക്കിംഗ് നടത്തി വന്നത്.