തീർത്ഥാടനം കലക്കാൻ ശ്രമം: കെ.സുരേന്ദ്രൻ # ശബരിമലയിൽ സ്‌പോട്ട് ബുക്കിംഗ് പുനഃസ്ഥാപിക്കണം

Thursday 10 October 2024 4:19 AM IST

തിരുവനന്തപുരം: ശബരിമല തീർത്ഥാടനം അലങ്കോലമാക്കാനാണ് സർക്കാരിന്റെ ശ്രമമെന്നും സ്‌പോട്ട് ബുക്കിംഗ് പുനഃസ്ഥാപിക്കണമെന്നും

ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഓൺലൈൻ ബുക്കിംഗിലൂടെ ദർശനം പരിമിതപ്പെടുത്തുന്നത് അപ്രായോഗികവും അശാസ്ത്രീയവുമാണ്. ഭക്തരുടെ മൗലികമായ ആവശ്യം സർക്കാരും ബോർഡും പരിഗണിക്കുന്നില്ല. മറ്റു സംസ്ഥാനങ്ങളിലെ ഭക്തർക്ക് പ്രയാസം സൃഷ്ടിക്കുന്നതാണ് പുതിയനയം. വെർച്വൽ ബുക്കിംഗിനെ എതിർക്കുന്നില്ല. എന്നാൽ 10-20 ശതമാനം സ്‌പോട്ട് ബുക്കിംഗ് വേണം.

ഒരു ദിവസം 80,000 പേരെ മാത്രമേ പ്രവേശിപ്പിക്കാനാവൂ എന്ന ദേവസ്വം ബോർഡ് നിലപാട് അംഗീകരിക്കാനാവില്ല. അവലോകനയോഗത്തിൽ ഒരു തീരുമാനവുമുണ്ടായില്ല. മുന്നൊരുക്കത്തിൽ സർക്കാരിനും ബോർഡിനും വലിയ വീഴ്ചയുണ്ട്. തീർത്ഥാടനം ആരംഭിക്കാൻ ഒരു മാസം കൂടിയേയുള്ളൂ. പമ്പയിലും സന്നിധാനത്തും ഇടത്താവളങ്ങളിലും പ്രാഥമിക സൗകര്യങ്ങളൊരുക്കാൻ സർക്കാർ തയ്യാറായിട്ടില്ല. കെ.എസ്.ആർ.ടി.സിക്ക് ഭക്തരെ ചൂഷണം ചെയ്യാനുള്ള കാര്യത്തിൽ മാത്രമാണ് തീരുമാനമായത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് തികഞ്ഞ പരാജയമാണ്. ശബരിമലയ്‌ക്കെതിരായ ഒന്നാം പിണറായി സർക്കാരിന്റെ ഗൂഢാലോചന കേരളം കണ്ടതാണ്. ഇതേനയം തുടർന്നാൽ ഹൈന്ദവ സംഘടനകൾ നടത്തുന്ന പ്രതിഷേധത്തിൽ ബി.ജെ.പിയും ചേരുമെന്ന് സുരേന്ദ്രൻ പറഞ്ഞു.

അടിയന്തരപ്രമേയം ഭരണ-പ്രതിപക്ഷ ഒത്തുകളിയാണ്. ആർ.എസ്.എസ് നേതാക്കളെ എ.ഡി.ജി.പി കണ്ടതാണോ വലിയ പ്രശ്നം. ഗൗരവതരമായ പ്രശ്നങ്ങൾ ചർച്ചയാക്കുന്നില്ല. സ്വർണക്കടത്ത് ഉയർത്താൻ യു.ഡി.എഫിന് ധൈര്യമില്ല. രാജ്യദ്രോഹം പോലത്തെ വിഷയങ്ങൾ ചർച്ചയാവാതിരിക്കാനാണ് ഇടതും വലതും ശ്രമിക്കുന്നത്.

മഞ്ചേശ്വരം കേസിൽ സുന്ദര സ്വമേധയാ പത്രിക പിൻവലിച്ചതാണെന്ന് കോടതിക്ക് ബോദ്ധ്യമായി. എസ്.സി-എസ്.ടി അതിക്രമ നിരോധനനിയമം നിലനിൽക്കില്ലെന്നും വിധിന്യായം വ്യക്തമാക്കുന്നു. ഇതൊന്നും മനസിലാക്കാതെയാണ് യു.ഡി.ഫ് നേതാക്കൾ ബിജെപി - സിപിഎം ഒത്തുകളി ആരോപണം ഉന്നയിക്കുന്നതെന്ന് സുരേന്ദ്രൻ വ്യക്തമാക്കി.

Advertisement
Advertisement