കളിമൺ കോർട്ടിന്റെ രാജാവ്, റാഫേൽ നദാൽ വിരമിക്കൽ പ്രഖ്യാപിച്ചു, അവസാന മത്സരം നവംബറിൽ

Thursday 10 October 2024 4:45 PM IST

മാഡ്രിഡ്: കളിമൺ കോർട്ടിലെ രാജാവെന്ന വിളിപ്പേരിന്റെ ഉടമ ഇതിഹാസ താരം റാഫേൽ നദാൽ വിരമിക്കൽ പ്രഖ്യാപിച്ചു. 23 വർഷം നീണ്ട കരിയറിൽ 22 ഗ്രാൻഡ്സ്‌ലാമുകളാണ് നദാൽ നേടിയത്. പുതിയ കാല ടെന്നീസ് താരങ്ങളിലെ ഇതിഹാസതാരമാണ് നദാൽ. സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് നദാൽ തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്.

കളിമൺ കോർട്ടിൽ മറ്റാർക്കുമാകാത്തത്ര മികവ് പുലർത്തിയ താരം 14 ഫ്രഞ്ച് ഓപ്പൺ കിരീടങ്ങൾ നേടിയിട്ടുണ്ട്. നവംബറിൽ മലാഗയിൽ നടക്കുന്ന ഡേവിസ് കപ്പിലാകും നദാൽ അവസാനമായി കളത്തിലിറങ്ങുക. ഡേവിസ് കപ്പ് ക്വാർട്ടർ ഫൈനലിൽ നെതർലാന്റ്സിനെ സ്‌പെയിൻ നേരിടുന്ന മത്സരങ്ങൾ നവംബർ 19, 21 തീയതികളിലാണ്. ഗ്രൂപ്പ് സ്റ്റേജിൽ പരിക്കിന് ശേഷം നദാൽ പരമ്പരയിൽ തിരിച്ചുവരുന്നു എന്ന വാർത്തക്കിടയിലാണ് വിടവാങ്ങൽ. 38കാരനാണ് സ്‌പാനിഷ് താരമായ റാഫേൽ നദാൽ.

'ഞാൻ ഇന്ന് ഇവിടെയെത്തിയിരിക്കുന്നത് ടെന്നീസിൽ നിന്നും വിരമിക്കുകയാണെന്ന് നിങ്ങളെ അറിയിക്കുന്നതിനായാണ്. വളരെ ബുദ്ധിമുട്ടേറിയ വർഷമായിരുന്നു ഇത്. പ്രത്യേകിച്ചും കഴിഞ്ഞ രണ്ട് വർഷങ്ങൾ. പരിമിതികളില്ലാതെ ഈ കാലത്ത് കളിക്കാനായി എന്ന് കരുതുന്നില്ല. ഇത് വളരെ ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നു. എടുക്കാൻ അൽപം സമയമെടുത്തു.' സമൂഹമാദ്ധ്യമ വീഡിയോയിൽ നദാൽ പറഞ്ഞു.

നാല് യു.എസ് ഓപ്പൺ കിരീടങ്ങളും, രണ്ട് വിംബിൾഡൺ, ഓസ്ട്രേലിയൻ ഓപ്പൺ കിരീടങ്ങളും നദാൽ സ്വന്തമാക്കി. താൻ അനുഭവിച്ചതെല്ലാം സ്വപ്‌ന സാക്ഷാത്‌കാരമായിരുന്നു, എന്റെ കഴിവിന്റെ ഏറ്റവും മികച്ചത് നൽകിയതിനും പരിശ്രമിച്ചതിനും പൂർണ തൃപ്‌തിയുണ്ട്. എല്ലാവർക്കും നന്ദിയറിയിച്ച് നദാൽ കുറിച്ചു.