'കമ്മിഷൻ റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തണം'

Thursday 10 October 2024 8:36 PM IST

കൊച്ചി: കേരളത്തിലെ ക്രൈസ്തവരുടെ പിന്നാക്കാവസ്ഥയെക്കുറിച്ച് വിശദമായ പഠനം നടത്തിയ ജസ്റ്റിസ് ജെ.ബി. കോശി കമ്മിഷൻ മുഖ്യമന്ത്രിക്ക് മുന്നിൽ റിപ്പോർട്ട് സമർപ്പിച്ചിട്ട് ഒന്നര വർഷമായിട്ടും നടപടികൾ സ്വീകരിക്കാത്തതിനെതിരെ കെ.സി.ബി.സി ജാഗ്രതാ കമ്മിഷൻ. റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ പരിഗണിക്കുന്ന കാര്യത്തിൽ അസാധാരണമായ കാലതാമസമുണ്ടെന്നാണ് ആരോപണം. നിർദ്ദേശങ്ങൾ പഠിച്ച് പ്രാഥമിക റിപ്പോർട്ട് ഒരു മാസത്തിനുള്ളിൽ നൽകണമെന്ന് നിർദ്ദേശിച്ച് ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചിട്ട് ഏഴു മാസങ്ങൾ പിന്നിട്ടെന്നും ഗുരുതരമായ അലംഭാവം തുടർച്ചയായി സംഭവിച്ചിട്ടും പൊള്ളയായ വാദഗതികൾ ആവർത്തിക്കുക മാത്രമാണ് സർക്കാർ ചെയ്തുവരുന്നതെന്നും ജാഗ്രത കമ്മിഷൻ കുറ്റപ്പെടുത്തി. വിഷയത്തിൽ സർക്കാർ അടിയന്തരമായ നടപടികൾക്ക് തയ്യാറാകണമെന്നും റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.