പി.എസ്.സി ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിക്കണം: വി.ഡി. സതീശൻ

Friday 11 October 2024 2:27 AM IST

തിരുവനന്തപുരം: ജോലിഭാരത്തിന് ആനുപാതികമായി പി.എസ്.സിയിൽ ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. പി.എസ്.സി എംപ്ലോയിസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജോലിഭാരം കൂടിയതിനനുസരിച്ച് പി.എസ്.സിയിലെ ജീവനക്കാരുടെ എണ്ണം വർദ്ധിച്ചില്ല. പുതിയ തസ്തികകൾ അനുവദിക്കാൻ സർക്കാർ തയ്യാറാകണം. പി.എസ്.സിയുടെയും ഉദ്യോഗാർത്ഥികളുടെയും വിവരങ്ങൾ ഡാർക്ക് വെബ്‌സൈറ്റിൽ ചോർന്നത് സംബന്ധിച്ച് ശരിയായ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. പി.എസ്.സിയുടെ വിശ്വാസ്യത വീണ്ടെടുക്കാൻ ജീവനക്കാരും സർക്കാരും മുന്നോട്ട് വരണമെന്ന് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത രമേശ് ചെന്നിത്തല പറഞ്ഞു. കെ.ജി.അടയോടി സ്മാരക എൻഡോവ്‌മെന്റ് അവാർഡ് പി.സി.വിഷ്ണുനാഥ് എം.എൽ.എ വിതരണം ചെയ്തു.

യാത്രഅയപ്പ് സമ്മേളനം എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.എസ്.സി എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സുഭാഷ്ചന്ദ്രൻ.പി.കെ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അജിത് കുമാർ,സംസ്ഥാന ട്രഷറർ സൂരജ് വി,മുൻ എം.എൽ.എ കെ.ശബരിനാഥൻ,അസോസിയേഷൻ വൈസ് പ്രസിഡന്റ് രേണുദാസ് എൻ,അൻവർ സാജിദ്, ഫ്രഞ്ചസ് ഡി,വിനാം സി.ലോറൻസ്,സന്തോഷ് കുമാർ ഡി,സഞ്ചിത് വി, ചവറ ജയകുമാർ,കെ.അബ്ദുൽ മജീദ്,കെ.സി.സുബ്രഹ്മണ്യൻ,പോത്തൻകോട് റാഫി,എം.എസ്.ഇർഷാദ്,എം.എസ്.മോഹനചന്ദ്രൻ,ആർ.അരുൺകുമാർ, എ.കെ.സാദിക്,സതീഷ് കുമാർ.പി,രമേഷ്.എം.തമ്പി,മുഹമ്മദ് ജാസി,സജു ജോൺ എന്നിവർ സംസാരിച്ചു. പി.എസ്.സി എംപ്ലോയീസ് അസോസിയേഷൻ കൾച്ചറൽ വിഭാഗത്തിന്റെ കലാവിരുന്നോടെ മൂന്നുദിവസം നീണ്ടുനിന്ന സംസ്ഥാനസമ്മേളനം അവസാനിച്ചു.