കാസർകോട് ഓട്ടോ ഡ്രൈവറുടെ മരണം; ആരോപണവിധേയനായ എസ്‌ഐക്ക് സസ്‌പെൻഷൻ

Friday 11 October 2024 2:20 PM IST

കാസർകോട്: ഓട്ടോ ഡ്രൈവറെ മർദിച്ച എസ്‌ഐക്ക് സസ്‌പെൻഷൻ. കാസർകോട് സ്റ്റേഷനിലെ എസ്‌ഐ പി അനൂപിനെയാണ് സസ്‌പെൻഡ് ചെയ്‌തത്. ഓട്ടോ ഡ്രൈവർ അബ്‌ദുൾ സത്താർ ആത്മഹത്യ ചെയ്‌ത കേസിലും ആരോപണ വിധേയനാണ് ഇയാൾ.

ഓട്ടോ ഡ്രൈവറായ നൗഷാദിനെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. കഴിഞ്ഞ ജൂണിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. യാത്രക്കാരൻ നൽകിയ പരാതിയിൽ ഓട്ടോ ഡ്രൈവറെ ബലം പ്രയോഗിച്ച് കൊണ്ടുപോകാൻ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. യാത്രക്കാരൻ നൽകിയ പരാതിയിൽ സ്റ്റേഷനിൽ എത്തി ഉദ്യോഗസ്ഥരെ കണ്ടു എന്നും അതിന് ശേഷം ഫോൺ എടുക്കാനായി സ്റ്റേഷന് പുറത്ത് നിർത്തിയിട്ട ഓട്ടോ റിക്ഷയുടെ അടുത്തേക്ക് പോയപ്പോൾ അനൂപ് മർദിച്ചു എന്നുമാണ് പരാതി.

എസ്‌ഐയ്‌ക്കെതിരെ നൗഷാദ് പൊലീസ് കംപ്ലെയിന്റ് സെൽ അതോറിറ്റിയിൽ പരാതി നൽകിയിരുന്നു. അനൂപ് നിരന്തരം ഓട്ടോ ഡ്രൈവർമാരെ ഉപദ്രവിക്കുന്നുണ്ടെന്നും പരാതികളുണ്ട്.