നോയൽ ടാറ്റ: പാരമ്പര്യവും പ്രവർത്തനമികവും സമന്വയിപ്പിച്ച നേതൃത്വം

Saturday 12 October 2024 12:10 AM IST

കൊച്ചി: ടാറ്റ ഗ്രൂപ്പിന്റെ ബിസിനസും പാരമ്പര്യവും അക്ഷരാർത്ഥത്തിൽ തിരിച്ചറിഞ്ഞ് പ്രവർത്തനങ്ങൾ ഏകോപ്പിക്കാനാവുന്ന നേതൃത്വശേഷിയാണ് ടാറ്റ ട്രസ്‌റ്റ്സിന്റെ പുതിയ ചെയർമാനായി ചുമതലയേൽക്കുന്ന നോയൽ ടാറ്റയുടെ ഏറ്റവും വലിയ കരുത്ത്. ടാറ്റ ഗ്രൂപ്പിന്റെ ബിസിനസ് വളർച്ചയിലും വിജയത്തിലും നാൽപ്പത് വർഷമായി മികച്ച സംഭാവനയാണ് അദ്ദേഹം നൽകിയിട്ടുള്ളത്. രത്തൻ ടാറ്റയുടെ അച്‌ഛൻ നവൽ എച്ച്. ടാറ്റയുടെ രണ്ടാം ഭാര്യ സിമൊൻ ടാറ്റയുടെ മകനാണ് 67 വയസുള്ള നോയൽ. ഗ്രൂപ്പ് കമ്പനികളായ ട്രെന്റ്, ടാറ്റ ഇന്റർനാഷണൽ എന്നിവയെ വളർച്ചയുടെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. പതിനാല് ട്രസ്‌‌റ്റുകളുടെ സംയുക്ത സംഘടനയായ ടാറ്റ ട്രസ്‌റ്റ്‌സിന് ഗ്രൂപ്പ് ബ്രാൻഡുകളുടെ ഹോൾഡിംഗ് കമ്പനിയായ ടാറ്റ സൺസിൽ 66 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്.

വഹിക്കുന്ന പദവികൾ

ടാറ്റ ഇന്റർനാഷണൽ ചെയർമാൻ ആൻഡ് നോൺ എക്‌സിക്യുട്ടീവ് ഡയറക്ടർ

ടാറ്റ ഇൻവെസ്‌റ്റ്മെന്റ് ചെയർമാൻ

ട്രെന്റ്സ് മാനേജിംഗ് ഡയറക്‌ടർ

വിദ്യാഭ്യാസം

യു.കെയിലെ സസക്സ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം. ആഗോള മാനേജ്‌മെന്റ് സ്‌കൂളായ ഇൻസീഡിൽ നിന്ന് എക്സിക്യുട്ടീവ് പ്രോഗ്രാം പൂർത്തിയാക്കി.

കുടുംബം

ടാറ്റ സൺസിൽ 18.3 ശതമാനം നിർണായക ഓഹരികളുള്ള ഷപൂർജി പല്ലോൻജി ഗ്രൂപ്പ് മേധാവി പല്ലോൻജി മിസ്‌ത്രിയുടെ മകൾ ആലു മിസ്‌ത്രിയാണ് നോയലിന്റെ ഭാര്യ. സ്‌റ്റാർ ബസാറിന്റെ ചുമതല വഹിക്കുന്ന നെവില്ലെ ടാറ്റയാണ് മകൻ. മൂത്ത മകൾ ലിയ ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ഇന്ത്യൻ ഹോട്ടൽസിലെ വൈസ് പ്രസിഡന്റാണ്. ടാറ്റ കാപ്പിറ്റലിൽ പ്രധാന പദവിയിലാണ് ഇളയ മകൾ മായ ടാറ്റ.

പുതിയ ഉത്തരവാദിത്തം എളിമയോടെയും അഭിമാനത്തോടെയും ഏറ്റെടുക്കുന്നു. രത്തൻ ടാറ്റയുടെയും ടാറ്റ ഗ്രൂപ്പ് സ്ഥാപകരുടെയും പാരമ്പര്യം പിന്തുടർന്ന് സ്ഥാപനത്തെ മുന്നോട്ടുകൊണ്ടുപോകും. ജീവകാരുണ്യ പ്രവർത്തനങ്ങളിലും മാനവികതയിലും ഉൗന്നൽ നൽകി രാഷ്ട്രനിർമ്മാണത്തിൽ തുടർന്നും ടാറ്റ ട്രസ്‌റ്റ്സ് പങ്കാളിയാകുമെന്ന് ഉറപ്പ് നൽകുന്നു

നോയൽ ടാറ്റ