കേരളം - പഞ്ചാബ് രഞ്ജി മഴക്കളിയിൽ അതിഥിത്തിളക്കം

Friday 11 October 2024 11:44 PM IST

തിരുവനന്തപുരം: മഴ കാരണം ഉച്ചവരെ മാത്രം കളി നടന്ന പഞ്ചാബിന് എതിരായ രഞ്ജി ട്രോഫി മത്സരത്തിൽ കേരളത്തിനായി തിളങ്ങി അന്യസംസ്ഥാന താരങ്ങളായ ആദിത്യ സർവതെയും ജലജ് സക്സേനയും. തുമ്പ സെന്റ് സേവ്യേഴ്സ് കോളേജ് ലഞ്ചിന് ശേഷം കളി നിർത്തുമ്പോൾ ടോസ് നേടിയിറങ്ങിയ പഞ്ചാബ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 95 റൺസെന്ന നിലയിലാണ് . സർവതെ മൂന്നും ജലജ് സക്സേന രണ്ടും വിക്കറ്റുകൾ വീഴ്ത്തി.

ആദ്യ ഓവറിൽ തന്നെ ഓപ്പണർ അഭയ് ചൗധരിയെ (0)പുറത്താക്കി സർവാതെ മികച്ച തുടക്കമാണ് കേരളത്തിന് നൽകിയത്. സച്ചിൻ ബേബി ക്യാച്ചെടുത്താണ് അഭയെ പുറത്താക്കിയത്. വൈകാതെ ഓപ്പണർ നമൻ ധിറിനെയും (10)ക്യാപ്ടൻ പ്രഭ്സിമ്രാൻ സിംഗിനെയും(12) സർവാതെ തന്നെ മടക്കി.

ഫസ്റ്റ്ഡൗണായിറങ്ങി പിടിച്ചുനിൽക്കാൻ നോക്കിയ അൻമോൽപ്രീത് സിംഗിനെയും (28)നേഹൽ വധേരയെയും(9) ക്ലീൻ ബൗൾഡാക്കി ജലജ് സക്സേന അടുത്ത പ്രഹരമേൽപ്പിച്ചു. തുടർന്ന് രമൺദീപ് സിംഗിന്റേയും (28) ക്രിഷ് ഭഗത്തിന്റേയും (6) ചെറുത്തുനില്പാണ് പഞ്ചാബിനെ 95ലെത്തിച്ചത്.