ഉഷയ്ക്ക് എതിരായ അവിശ്വാസം കായിക മന്ത്രാലയം ഇടപെട്ടേക്കും

Friday 11 October 2024 11:47 PM IST

ന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി ഉഷയ്ക്ക് എതിരെ അവിശ്വാസപ്രമേയം കൊണ്ടുവരാനുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ ഭൂരിപക്ഷം അംഗങ്ങളുടെയും നീക്കത്തിന് തടയിടാൻ കേന്ദ്രകായിക മന്ത്രാലയം ഇടപെട്ടേക്കും. അവിശ്വാസത്തിലൂടെ ഉഷയ്‌ക്ക് സ്ഥാനമൊഴിയേണ്ടി വന്നാൽ അന്താരാഷ്‌ട്ര തലത്തിൽ ഇന്ത്യയുടെ അഭിമാന ഉയർത്തിയ അത്‌ലറ്റിനെ അപമാനിക്കുന്നതിന് തുല്ല്യമാകും. ഉഷയെ പദവിയിലിരുത്തിയ കേന്ദ്രസർക്കാരിനും അത് നാണക്കേടാകും. അതിനാൽ കായിക മന്ത്രാലയം ഇടപെടുമെന്നാണ് പ്രതീക്ഷ.

ഐ. ഒ.എയിലെ പ്രശ്നങ്ങൾ ചർച്ചചെയ്യാൻ ഈമാസം 25ന് ഉഷ വിളിച്ച പ്രത്യേക പൊതു യോഗത്തിന്റെ അജണ്ട ജോയിന്റ് സെക്രട്ടറി കല്യാൺ ചൗബേ ആക്ടിംഗ് സി.ഇ.ഒ എന്ന പേരിൽ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾക്ക് അയച്ചുനൽകിയതിലാണ് അവസാന ഇനമായി അവിശ്വാസപ്രമേയം ഉൾപ്പെടുത്തിയത്. എന്നാൽ ചൗബേയെ ആരും ആക്ടിംഗ സി.ഇ.ഒ ആക്കിയിട്ടില്ലെന്നും രഘുറാം അയ്യരാ് ഇപ്പോഴും സി.ഇ.ഒ എന്നും ഉഷ ആവർത്തിക്കുന്നുണ്ട്.

അതേസമയം അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐ.ഒ.സി) ആവർത്തിച്ച് ഓർമ്മിപ്പിച്ചിട്ടും ട്രഷറർ സഹദേവ് യാദവ് വാർഷിക സാമ്പത്തിക റിപ്പോർട്ടുകൾ ഫയൽ ചെയ്യാത്തതിനാൽ നിർണായകമായ ഒളിമ്പിക് സോളിഡാരിറ്റി ഗ്രാന്റുകൾ നഷ്‌ടപ്പെട്ടെന്ന് ഉഷ ആരോപിച്ചു.. ഉഷയ്‌ക്കെതിരെ റിലയൻസ് സ്‌പോൺസർഷിപ്പ് കരാർ അഴിമതി ആരോപണം ഉന്നയിച്ചത് യാദവാണ്.

Advertisement
Advertisement