കേരളത്തിന് മുന്നില്‍ തകര്‍ന്നടിഞ്ഞ് പഞ്ചാബ്, സര്‍വതെയ്ക്ക് അഞ്ച് വിക്കറ്റ്

Saturday 12 October 2024 7:16 PM IST

തിരുവനന്തപുരം: പഞ്ചാബിനെതിരായ രഞ്ജി ട്രോഫി മല്‌സരത്തില്‍ കേരളം ശക്തമായ നിലയില്‍. രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഒന്‍പത് വിക്കറ്റിന് 180 റണ്‍സെന്ന നിലയിലാണ് പഞ്ചാബ്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ആദിത്യ സര്‍വതെയുടെ പ്രകടനമാണ് രണ്ടാം ദിവസത്തെ ശ്രദ്ധേയമാക്കിയത്. ജലജ് സക്‌സേന നാല് വിക്കറ്റും വീഴ്ത്തി.

മഴ കളിയുടെ പകുതിയും അപഹരിച്ച രണ്ടാം ദിവസത്തില്‍ 38 ഓവര്‍ മാത്രമാണ് എറിയാനായത്. അഞ്ച് വിക്കറ്റിന് 95 റണ്‍സെന്ന നിലയില്‍ കളി തുടങ്ങിയ പഞ്ചാബിന് കൃഷ് ഭഗതിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 15 റണ്‍സെടുത്ത കൃഷ് ഭഗതിനെ ജലജ് സക്‌സേനയാണ് പുറത്താക്കിയത്. മറുവശത്ത് മികച്ച രീതിയില്‍ ബാറ്റിങ് തുടര്‍ന്ന രമണ്‍ദീപ് സിങ്ങിനെ ആദിത്യ സര്‍വതെയും പുറത്താക്കി. 43 റണ്‍സാണ് രമണ്‍ദീപ് സിങ് നേടിയത്.

തുടര്‍ന്നെത്തിയ ഗുര്‍നൂര്‍ ബ്രാറിനും ഇമാന്‍ജ്യോത് സിങ്ങിനും ഏറെ പിടിച്ചു നില്‍ക്കാനായില്ല. ഗുര്‍നൂര്‍ ബ്രാര്‍ 14 റണ്‍സും ഇമാന്‍ജ്യോത് സിങ് ഒരു റണ്ണെടുത്തും പുറത്തായി. ഗുര്‍നൂറിനെ ജലജ് സക്‌സേന ക്ലീന്‍ ബൌള്‍ഡാക്കിയപ്പോള്‍, ഇമാന്‍ജ്യോതിനെ സ്വന്തം പന്തില്‍ ആദിത്യ സര്‍വാതെ തന്നെ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു.

തുടരെ രണ്ട് വിക്കറ്റ് കൂടി വീണതോടെ 150 റണ്‍സ് തികയ്ക്കില്ലെന്ന് കരുതിയ പഞ്ചാബിനെ കരകയറ്റിയത് അവസാന വിക്കറ്റില്‍ മായങ്ക് മാര്‍ക്കണ്ഡെയും സിദ്ദാര്‍ഥ് കൌളും ചേര്‍ന്നുള്ള കൂട്ടുകെട്ടാണ്. ഇരുവരും ചേര്‍ന്ന് 37 റണ്‍സ് നേടി. കളി നിര്‍ത്തുമ്പോള്‍ മായങ്ക് 27 റണ്‍സോടെയും സിദ്ദാര്‍ഥ് 15 റണ്‍സോടെയും ക്രീസിലുണ്ട്.