പ്രശസ്‌ത ഗായിക മച്ചാട്ട് വാസന്തി അന്തരിച്ചു; അന്ത്യം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ
കോഴിക്കോട്: പ്രശസ്‌ത ഗായിക മച്ചാട്ട് വാസന്തി അന്തരിച്ചു. 81 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. തുടർച്ചയായി ഉണ്ടായ അപകടങ്ങളിൽപെട്ട് പൂർണമായും കിടപ്പിലായ വാസന്തി ഏറെ നാളായി ചികിത്സയിലായിരുന്നു. നാടക - സിനിമ ഗാനങ്ങളിലൂടെ മലയാളികളുടെ മനം കവർന്ന ഗായികയാണ് മച്ചാട്ട് വാസന്തി. നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
'നമ്മളൊന്ന് ' നാടകത്തിൽ പൊൻകുന്നം ദാമോദരൻ എഴുതി ബാബുരാജ് ഈണമിട്ട പച്ചപ്പനംതത്തേ... പാടിയത് 13-ാം വയസിലാണ്. 'മണിമാരൻ തന്നത് പണമല്ല പൊന്നല്ലാ... മധുരക്കിനാവിന്റെ കരിമ്പുതോട്ടം... അതാണ് സിനിമയിലെ ഹിറ്റ്. 'ഓളവും തീരവും" ചിത്രത്തിൽ യേശുദാസിനൊപ്പം പാടിയ ഈ ഗാനത്തിന്റെ ഈണവും ബാബുക്ക തന്നെ.
ഗായകനും റേഡിയോ ആർട്ടിസ്റ്റുമായിരുന്ന കണ്ണൂർ കക്കാട് മച്ചാട്ട് കൃഷ്ണന്റെയും കല്യാണിയുടെയും മകളാണ് വാസന്തി. ഒൻപതാം വയസിൽ കമ്മ്യൂണിസ്റ്റ് പാർട്ടി വേദിയിൽ വിപ്ലവഗാനം പാടിയായിരുന്നു തുടക്കം. അന്ന് സദസിലുണ്ടായിരുന്ന, എം.എസ്. ബാബുരാജാണ് ചങ്ങാതിയുടെ മകളെ നാടകത്തിന്റെയും സിനിമയുടെയും വഴിയിലേക്ക് കൈപിടിച്ചുയർത്തിയത്. ബാബുരാജ് ആദ്യമായി സംഗീതം നൽകിയ 'തിരമാല' വാസന്തിയുടെയും ആദ്യസിനിമയായി. പക്ഷേ, പടം വെളിച്ചം കണ്ടില്ല. വൈകാതെ രാമു കാര്യാട്ടിന്റെ 'മിന്നാമിനുങ്ങി"ൽ രണ്ടു പാട്ടുമായി നല്ല തുടക്കം. മക്കൾ: മുരളി, സംഗീത.