ഓർമ്മകളുടെ രഹസ്യം തുറന്നു,​ ലോകശ്രദ്ധനേടി സജികുമാർ

Monday 14 October 2024 12:00 AM IST

കോഴിക്കോട്: 'അരണ കടിച്ചാൽ മരണം ഉറപ്പ് '- കഥ കേട്ട് ഭയന്ന മകനോട് അമ്മ പറഞ്ഞു, 'പക്ഷേ, കടിക്കുന്ന കാര്യം അരണ മറക്കും. അതെന്തുകൊണ്ടാണെന്ന് വലുതാകുമ്പോൾ നീ പഠിക്കണം". അരണയുടെ മറവിയെക്കുറിച്ചുള്ള കഥകേട്ടു വളർന്ന കുട്ടി ഓർമ്മകളുടെയും ഓർമ്മയില്ലായ്മയുടെയും രഹസ്യം തേടി. മസ്തിഷ്‌ക ഗവേഷകരുടെ രാജ്യാന്തര സംഘടനയായ എ.എൻ.ഡിയുടെ 'ഇൻവെസ്റ്റിഗേറ്റർ' പുരസ്‌കാരം ലഭിക്കുന്നതിന് അതിടയാക്കി. സിംഗപ്പൂർ നാഷണൽ യൂണിവേഴ്സിറ്റിയിലെ സ്‌കൂൾ ഒഫ് മെഡിസിനിൽ അസോസിയേറ്റ് പ്രൊഫസറായ ഹരിപ്പാട് ചിങ്ങോലി സ്വദേശി സജികുമാർ ശ്രീധരനാണ് ശ്രദ്ധേയ നേട്ടം കെെവരിച്ചത്.

അമ്മ പറഞ്ഞ അരണക്കഥയെ പിന്തുടർന്ന സജികുമാറിന്റെ അന്വേഷണം ചെന്നെത്തിയത് തലച്ചോറിന്റെ പ്രവർത്തനങ്ങളിലേക്കായിരുന്നു. കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ഫിസിയോളജിയിൽ എം.എസ് സി പാസായ ഉടനെ ജർമ്മനിയിലേക്ക് പോയി. മഗ്‌ഡെബൂർഗ് യൂണിവേഴ്സിറ്റിയിൽ ഓർമ്മയുടെ ഗവേഷണത്തിൽ പ്രശസ്തി നേടിയ പ്രൊഫ. ഫ്രേയുടെ കീഴിൽ ഡോക്ടറേറ്റ് നേടി. 2012 മുതൽ നാഷണൽ യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഒഫ് മെഡിസിനിൽ ഗവേഷണം ആരംഭിച്ചു.

ഓർമ്മകൾ സൂക്ഷിച്ചുവയ്ക്കുന്നതിൽ ഹിപ്പോകാംപസ് എന്ന മസ്തിഷ്‌ക ഭാഗത്തിന് പ്രധാന പങ്കുണ്ടെന്ന് സജികുമാറിന്റെ പഠനങ്ങൾ കണ്ടെത്തി. ഓർമ്മക്കുറവ്, പഠനവൈകല്യങ്ങൾ, മാനസിക പ്രശ്‌നത്താലുണ്ടാകുന്ന ഓർമ്മകളുടെ വ്യതിയാനം തുടങ്ങിയവയുടെ കാരണങ്ങളും പ്രതിവിധികളുമടങ്ങുന്ന പ്രബന്ധങ്ങൾ പഠനമേഖലയ്ക്ക് മുതൽക്കൂട്ടായി. അൾഷിമേഴ്‌സിനെ ഒരു പരിധിവരെ വരുതിയിൽ നിറുത്താനും രോഗസാദ്ധ്യത മുൻകൂട്ടി അറിയാനും അദ്ദേഹത്തിന്റെ പഠനം വഴിതെളിച്ചു. മെഡിസിൻ ആൻഡ് ഫിസിയോളജി വിഭാഗത്തിൽ നോബൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്യാൻ നോബൽ കമ്മിറ്റിയുടെ അഭ്യർത്ഥന ലഭിക്കുന്ന ഗവേഷകൻ കൂടിയാണ് സജികുമാർ. സിംഗപ്പൂർ നാഷണൽ യൂണിവേഴ്സിറ്റിയിലെ ന്യൂറോസയന്റിസ്റ്റ് ഡോ.ഷീജ നവക്കോടാണ് ഭാര്യ. സിംഗപ്പൂരിലെ യു.കെ ഇന്റർനാഷണൽ സ്കൂൾ വിദ്യാർത്ഥികളായ നികിത സജികുമാർ, നവീൻ സജികുമാർ എന്നിവർ മക്കൾ.

ഇൻവെസ്റ്റിഗേറ്റർ പുരസ്കാരം

കാനഡയിലെ ടൊറന്റോ യൂണിവേഴ്സിറ്റി ആസ്ഥാനമായി പ്രവർത്തിക്കുന്ന മസ്തിഷ്‌ക ഗവേഷകരുടെ സംഘടനയാണ് 'അസോസിയേഷൻ ഒഫ് സ്റ്റഡീസ് ഒഫ് ന്യൂറോൺസ് ആൻഡ് ബ്രെയിൻ ഡിസീസ്' (എ.എൻ.ഡി). ഈ സംഘടന നൽകുന്നതാണ് ഇൻവെസ്റ്റിഗേറ്റർ പുരസ്കരം. ഓർമ്മകൾ രൂപീകരിക്കുന്നതും അവ തലച്ചോറിൽ സംഭരിക്കപ്പെടുന്നതും എങ്ങനെയെന്നറിയാൻ രണ്ടു പതിറ്റാണ്ടായി നടത്തിയ പഠനത്തിനാണ് സജികുമാറിന് പുരസ്കാരം ലഭിച്ചത്. ചൈനയിലെ ചിങ്‌ഢോയിൽ നടന്ന എ.എൻ.ഡി വാർഷികസമ്മേളനത്തിൽ പുരസ്കാരം ഏറ്റുവാങ്ങി.