'ഹലാൽ' മാംസ കയറ്റുമതിക്ക് കേന്ദ്രസർട്ടിഫിക്കറ്റ് നിർബന്ധം

Monday 14 October 2024 12:00 AM IST

കൊച്ചി: ഇസ്ലാം മതനിബന്ധനകൾ പാലിക്കുന്നുണ്ടെന്ന 'ഹലാൽ" ലേബൽ പതിച്ച് ചിലയിനം മാംസങ്ങൾ കയറ്റുമതി ചെയ്യാൻ കേന്ദ്രസർക്കാർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി.

വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണസ്ഥാപനമായ ക്വാളിറ്റി കൗൺസിൽ ഒഫ് ഇന്ത്യയാണ് (ക്യു.സി.ഐ) നൽകുന്നത്.ഈ മാസം 16 മുതൽ ബാധകം.

നിലവിൽ ഹലാൽ സർട്ടിഫിക്കറ്റ് സ്വകാര്യ ഏജൻസികളാണ് നൽകുന്നത്. ചെന്നൈ ആസ്ഥാനമായ ഹലാൽ ഇന്ത്യ ലിമിറ്റഡ്, ഡൽഹിയിലെ ജമീയത്ത് ഉലമ ഹലാൽ ട്രസ്റ്റ് എന്നിവയാണ് മുൻനിരക്കാർ.

യു.എ.ഇ, കുവൈറ്റ്, ഒമാൻ, ഖത്തർ, ബഹ്‌റൈൻ, സൗദി അറേബ്യ അടക്കം 15 രാജ്യങ്ങളിലേക്കുള്ള കയറ്റുമതിക്ക് ഇത് ആവശ്യമാണ്.

പോത്ത്, കാള, ആട്, ചെമ്മരിയാട് എന്നിവയുടെ മാംസവും സംസ്കരിച്ച മാംസവും ഹലാൽ മുദ്രയോടെ കയറ്റുമതി ചെയ്യാൻ പുതിയ നിബന്ധന പാലിക്കണം. ഏജൻസികൾ മുഖേനയുള്ള അപേക്ഷകളും ക്യു.സി.ഐയിൽ എത്തും.

ബംഗ്ലാദേശ്, ഇൻഡോനേഷ്യ, ഇറാൻ, ഇറാഖ്, മലേഷ്യ, ജോർദാൻ, ഫിലിപ്പീൻസ്, സിംഗപ്പൂർ, തുർക്കി എന്നീ രാജ്യങ്ങളിലേക്കും ഹലാൽ ഇറച്ചി കയറ്റുമതിയുണ്ട്. ഇന്ത്യയിലേക്കുള്ള ഇറക്കുമതിക്ക് സർക്കാർ സർട്ടിഫിക്കേഷൻ അവശ്യമില്ല. സർട്ടിഫിക്കേഷൻ നടപടികൾ ഏകോപിപ്പിക്കാനും സുഗമമാക്കാനുമാണ് പുതിയ തീരുമാനം.

കമ്പനിയിൽ നിന്ന് ഈടാക്കുന്ന

ഹലാൽ സർട്ടിഫിക്കേഷൻ ഫീ

(ജി.എസ്.ടി കൂടാതെ, രൂപയിൽ)

ബ്രാൻഡ് ലോഗോ................................... 20,000

രജിസ്ട്രേഷൻ (3 വർഷം)...................... 60,000

രജിസ്ട്രേഷൻ (1 വർഷം)....................... 25,000

പുതുക്കൽ (3 വർഷം)............................. 50,000

പുതുക്കൽ (1 വർഷം)..............................20,000

കൺസൈൻമെന്റ് ചാർജ്......................... 800

(കണ്ടെയ്നർ ഒന്നിന്)

ഓഡിറ്റിംഗ്.................................................. 2000

 ഹലാൽ ഇറച്ചി

'ഹലാൽ' എന്നാൽ അനുവദനീയമായത്. വിശ്വാസിയായ ആൾ ജപങ്ങൾ ഉരുവിട്ടുവേണം കശാപ്പ് നടത്താൻ. ശുചിത്വം പാലിക്കണം. മൃഗത്തിന്റെ കഴുത്ത് മുറിച്ച് രക്തം വാ‌ർന്നുപോകണം. ചത്ത മൃഗങ്ങൾ പാടില്ല. കഴിക്കുന്നവരും ഹലാൽ എന്ന് ഉറപ്പാക്കണം.