തിരുവിതാംകൂർ ദേവസ്വം ബോർഡ്, ആദ്യാക്ഷരം കുറിച്ച് കുഞ്ഞുങ്ങൾ
തിരുവനന്തപുരം: വിജയദശമിദിനത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിൽ ആദ്യക്ഷരം കുറിച്ചത് പതിനായിരത്തിലേറെ കുഞ്ഞുങ്ങൾ. വടക്കൻ പറവൂർ ദക്ഷിണ മൂകാംബിക ദേവിക്ഷേത്രത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് കുഞ്ഞുങ്ങളെ ആദ്യക്ഷരം എഴുതിച്ചു. സരസ്വതി മണ്ഡപത്തിൽ ദീപം തെളിച്ച ശേഷമാണ് ദക്ഷിണ മൂകാംബിക ക്ഷേത്രത്തിലെ വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചത്. തട്ടാരമ്പലം സരസ്വതി ക്ഷേത്രത്തിൽ വിദ്യാരംഭചടങ്ങുകളുടെ ഭാഗമായുള്ള സംഗീതാരാധന ദേവസ്വം ബോർഡ് അംഗം എ.അജികുമാർ ഉദ്ഘാടനം ചെയ്തു. കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിൽ ദേവസ്വം ബോർഡംഗം ജി.സുന്ദരേശന്റെ നേതൃത്വത്തിലായിരുന്നു വിദ്യാരംഭ ചടങ്ങുകൾ. തിരുവനന്തപുരം ആര്യശാല ദേവീക്ഷേത്രം,ചെന്തിട്ട ദേവീക്ഷേത്രം,ചെട്ടികുളങ്ങര ദേവിക്ഷേത്രം,മലയാലപ്പുഴ ദേവി ക്ഷേത്രം,ചെങ്ങന്നൂർ മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിൽ ഉൾപ്പെടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ആയിരത്തിലധികം ക്ഷേത്രങ്ങളിൽ വിദ്യാരംഭം നടന്നു.
തുഞ്ചൻപറമ്പിൽ ആദ്യക്ഷരം കുറിച്ച്
3000ത്തിലധികം കുരുന്നുകൾ
തിരൂർ: തുഞ്ചത്താചാര്യന്റെ മണ്ണിൽ ആദ്യക്ഷരം കുറിച്ച് മൂവായിരത്തിലധികം കുരുന്നുകൾ. തിരൂർ തുഞ്ചൻപറമ്പിൽ സരസ്വതി മണ്ഡപത്തിലും കൃഷ്ണശിലാ മണ്ഡപത്തിലുമാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ കുരുന്നുകളെ വിജയദശമി ദിവസമായ ഇന്നലെ എഴുത്തിനിരുത്തിയത്. പുലർച്ചെ അഞ്ചിനാരംഭിച്ച ചടങ്ങ് ഉച്ചയ്ക്ക് ഒന്നുവരെ നീണ്ടു. 21ഓളം സാഹിത്യകാരൻമാരും പത്തോളം പാരമ്പര്യ എഴുത്താശ്ശാൻമാരും വിദ്യാരംഭത്തിന് നേതൃത്വം നൽകി. സാഹിത്യകാരൻമാരായ ആലങ്കോട് ലീലാകൃഷ്ണൻ,ടി.ഡി.രാമകൃഷ്ണൻ,കെ.പി.രാമനുണ്ണി,ശത്രുഘ്നൻ,മണമ്പൂർ രാജൻബാബു തുടങ്ങിയവർ കുട്ടികളെ എഴുത്തിനിരുത്തി. കവിയരങ്ങും കവികളുടെ അരങ്ങേറ്റവും നടന്നു.