മെമ്മറി  കാർഡ്  തുറന്നുപരിശോധിച്ച സംഭവം;  അതിജീവിത  നൽകിയ  ഉപഹർജി ഹെെക്കോടതി തള്ളി

Monday 14 October 2024 10:57 AM IST

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തെളിവായ മെമ്മറി കാർഡ് തുറന്നുപരിശോധിച്ചതിനെതിരെ അതിജീവിത നൽകിയ ഉപഹർജി ഹെെക്കോടതി തള്ളി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി നടത്തിയ വസ്തുത അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്നും ഹെെക്കോടതി മേൽനേട്ടത്തിൽ പുനഃരന്വേഷണം വേണമെന്നുമായിരുന്നു അതിജീവിതയുടെ ആവശ്യം. ഇതാണ് ഹെെക്കോടതി തള്ളിയിരിക്കുന്നത്.

ഈ ഹർജി നിയമപരമായി നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സി എസ് ഡയസ് ഹർജി തള്ളിയത്. വേണമെങ്കിൽ മറ്റൊരു ഹർജിയുമായി ഹെെക്കോടതിയെ സമീപിക്കാമെന്നും കോടതി അറിയിച്ചു. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയാണ് അന്വേഷണ റിപ്പോട്ട് ഹെെക്കോടതിയിൽ സമർപ്പിച്ചത്.

നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡിലെ വിവരങ്ങൾ ചോർന്നിട്ടുണ്ടെന്ന അതിജീവിതയുടെ പരാതിയിൽ നേരത്തെ ഹെെക്കോടതി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. തുടർന്ന് മൂന്ന് തവണ മെമ്മറി കാർഡ് പരിശോധിച്ചിട്ടുണ്ടെന്നും ഇതിന്റെ ഹാഷ് വാല്യൂ മാറിയിട്ടുണ്ടെന്നുമുള്ള റിപ്പോർട്ട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി സമർപ്പിച്ചു.

എന്നാൽ തന്നെപ്പോലും ബന്ധപ്പെടാതെയാണ് അന്വേഷണം നടത്തിയിട്ടുള്ളതെന്നും വസ്തുതാപരമായി പരിഗണിക്കേണ്ട പല കാര്യങ്ങളും അന്വേഷിച്ചില്ലെന്നും ചൂണ്ടിക്കാട്ടി അതിജീവിത വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്ന മൊഴിയുടെ പകർപ്പും അതിജീവിതയ്ക്ക് നൽകാൻ നേരത്തെ കോടതി ഉത്തരവിട്ടിരുന്നു.