'ശബരിമലയിൽ ഒരിക്കൽ കൈപൊള്ളിയിട്ടും പഠിച്ചില്ല'; സർക്കാരിനെ വിമർശിച്ച് സിപിഐ മുഖപത്രം

Monday 14 October 2024 10:58 AM IST

തിരുവനന്തപുരം: ശബരിമലയിലെ സ്പോട്ട് ബുക്കിംഗുമായി ബന്ധപ്പെട്ട് സർക്കാരിനെയും ദേവസ്വം മന്ത്രിയെയും വിമർശിച്ച് സിപിഐ മുഖപത്രം ജനയുഗം. ശബരിമല വിഷയത്തിൽ ഒരിക്കൽ കൈപൊള്ളിയിട്ടും പഠിച്ചില്ലെന്നും ദർശനത്തിന് സ്‌പോട്ട് ബുക്കിംഗ് അനുവദിക്കണമെന്നും ജനയുഗത്തിലെ ലേഖനത്തിൽ പറയുന്നു.

'ദുശാഠ്യങ്ങൾ ശത്രുവർഗത്തിന് ആയുധം നൽകുന്നതാവരുത്. സെൻസിറ്റീവ് വിഷയങ്ങളിലെ കടുംപിടിത്തം ആപത്തിൽ കൊണ്ടുചാടിക്കും. സ്‌പോട്ട് ബുക്കിംഗ് തർക്കത്തിൽ രംഗം ശാന്തമാക്കാനല്ല മന്ത്രി വാസവൻ ശ്രമിച്ചത്'- ലേഖലനത്തിൽ വിമർശിക്കുന്നു.

സ്പോട്ട് ബുക്കിംഗ് നിലനിറുത്തണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ആവശ്യപ്പെട്ടിരുന്നു. ദൈവത്തെ മറയാക്കി സംഘപരിവാർ രാഷ്ട്രീയക്കളി നടത്തുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി. സ്പോട്ട് ബുക്കിംഗ് നിലനിറുത്തിയില്ലെങ്കിൽ പ്രതിഷേധമുയരുമെന്നും വർഗീയ ശക്തികളുടെ പിന്തുണയോടെ രാഷ്ട്രീയ മുതലെടുപ്പിന് എതിരാളികൾക്ക് അവസരമാകുമെന്നും സിപിഎം ജില്ല സെക്രട്ടേറിയറ്റ് സംസ്ഥാന കമ്മിറ്റിയെ കത്തിലൂടെ അറിയിച്ചു.

ശബരിമലയിൽ സ്പോട്ട് ബുക്കിംഗിന് പകരം ഇടത്താവളങ്ങളിൽ അക്ഷയകേന്ദ്രങ്ങൾ എന്ന പുതിയ നിർദ്ദേശം അടുത്ത ശബരിമല അവലോകന യോഗത്തിൽ മുന്നോട്ടുവയ്ക്കാനാണ് സർക്കാരിന്റെ നീക്കം. സ്പോട്ട് ബുക്കിംഗ് നിറുത്തലാക്കാനുള്ള തീരുമാനം വ്യാപക പ്രതിഷേധങ്ങൾക്ക് ഇടയാക്കിയ സാഹചര്യത്തിലാണ് സർക്കാരിന്റെ മുഖം രക്ഷിക്കാനുള്ള ഈ നീക്കം. അക്ഷയ കേന്ദ്രങ്ങളിലും സ്പോട്ട് ബുക്കിംഗ് രീതി തന്നെയാകും നടപ്പിലാവുക. ഭക്തരുടെ പേര്, വിലാസം, തിരിച്ചറിയൽ രേഖ തുടങ്ങിയവ ശേഖരിച്ചാണ് നിലവിൽ സ്പോട്ട് ബുക്കിംഗ് നടത്തുന്നത്.