സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്‌തിഷ്‌ക ജ്വരം; സ്ഥിരീകരിച്ചത് കൊല്ലത്തെ പത്ത് വയസുകാരന്

Monday 14 October 2024 12:36 PM IST

കൊല്ലം: സംസ്ഥാനത്ത് വീണ്ടും അബീമിക് മസ്‌തിഷ്‌ക ജ്വരം. കൊല്ലം സ്വദേശിയായ പത്ത് വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയെ തിരുവനന്തപുരം എസ്‌എടി ആശുപത്രിയിലേക്ക് മാറ്റി.

തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം രണ്ടുപേർക്ക് കൂടി രോഗം സ്ഥിരീകരിച്ചിരുന്നു. തിരുമല സ്വദേശിയായ 31കാരിക്കും മുള്ളുവിള സ്വദേശിയായ 27കാരിക്കുമാണ് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. ഇരുവരും കുളത്തിലോ തോട്ടിലോ കുളിച്ചിട്ടില്ല. പിന്നെ എങ്ങനെയാണ് ഇവർക്ക് രോഗബാധ ഉണ്ടായതെന്ന ആശങ്ക ഉയരുകയാണ്.

അമീബിക് മസ്‌തിഷ്‌ക ജ്വര കേസുകൾ കേരളത്തിൽ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുകയാണ്. തിരുവനന്തപുരത്ത് നിരവധി കേസുകൾ റിപ്പോർട്ട് ചെയ്‌തതോടെ കേരളത്തിൽ ഐസിഎംആർ പഠനം നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഇതിൽ തുടർ നടപടി ഉണ്ടായില്ല. ഐസിഎംആർ പ്രതിനിധി കേരളത്തിലെത്തി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്‌ച നടത്തിയെന്നല്ലാതെ മറ്റൊന്നും സംഭവിച്ചിട്ടില്ല. 97 ശതമാനം മരണ നിരക്കുള്ള രോഗത്തിന്റെ കാര്യത്തിൽ പോലും സർക്കാരിന്റെ ഭാഗത്ത് നിന്നും ഗുരുതര അനാസ്ഥ ഉണ്ടാകുന്നതായി ആരോപണം ഉയരുന്നുണ്ട്.