'ഉറപ്പ് പാലിച്ചു, മൂന്നാഴ്ചയായി പ്രതികരണമൊന്നും നടത്തിയിട്ടില്ല; ഇപ്പോൾ ആരാണ് കളിക്കുന്നത്'

Monday 14 October 2024 2:38 PM IST
നടൻ ബാലയെ കടവന്ത്ര സ്റ്റേഷനിൽ നിന്നും വൈദ്യപരിശോധനയ്ക്കായി എറണാകുളം ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു. ഫോട്ടോ: ജോഷ്വാ മനു

കൊച്ചി: താൻ മൂന്നാഴ്ചയായി മുൻ ഭാര്യയ്ക്കും മകൾക്കുമെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് നടൻ ബാല. എന്നിട്ടും എന്തിനാണ് ഇപ്പോൾ അറസ്റ്റ് ചെയ്തതെന്ന് മനസിലാവുന്നില്ലെന്ന് ബാല മാദ്ധ്യമങ്ങളോട് പറഞ്ഞു. പൊലീസ് വൈദ്യ പരിശോധനയ്ക്ക് കൊണ്ടു പോകുന്നതിനിടെയാണ് ബാല ഇക്കാര്യം വ്യക്തമാക്കിയത്.

'ഞാൻ മൂന്നാഴ്ചയായി ഈ വിഷയത്തിൽ പ്രതികരണമൊന്നും നടത്തിയിട്ടില്ല. അക്കാര്യത്തിൽ ഞാൻ കൊടുത്ത ഉറപ്പ് പാലിച്ചിട്ടുണ്ട്. പിന്നെ ഇപ്പോൾ എന്തിനാണ് അറസ്റ്റ് ചെയ്തതെന്ന് തനിക്ക് അറിയില്ല. എന്തിന് വേണ്ടിയാണെന്ന് എല്ലാവർക്കും അറിയാം. ഇപ്പോൾ ആരാണ് കളിക്കുന്നതെന്ന് പരിശോധിക്കണം. കുടുംബത്തെ ഇപ്പോൾ വലിച്ചിഴക്കുന്നത് ഞാനല്ല'- ബാല പറഞ്ഞു.

അറസ്റ്റിലായ ബാല ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. വൈകിട്ടോടെ കോടതിയിൽ ഹാജരാക്കിയേക്കും. ഇതിനിടെ ബാലയെ അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കാമായിരുന്നെന്ന് അദ്ദേഹത്തിന്റെ അഭിഭാഷക ഫാത്തിമ സിദ്ദിഖ് പ്രതികരിച്ചു. പൊലീസുമായി സഹകരിക്കുന്ന ആളാണ് ബാല. ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നെങ്കിൽ ബാല സഹകരിക്കുമായിരുന്നു. ഇപ്പോഴത്തെ അറസ്റ്റ് ഒഴിവാക്കാമായിരുന്നെന്നും അഭിഭാഷക പ്രതികരിച്ചു.

അതേസമയം, ബാലയുടെ മാനേജരായ രാജേഷ്, സുഹൃത്ത് അനന്തകൃഷ്ണൻ എന്നിവരും കേസിൽ പ്രതികളാണ്. മകൾ സമൂഹമാദ്ധ്യമത്തിൽ ബാലയ്‌ക്കെതിരെ പോസ്റ്റ് ചെയ്ത വീഡിയോയാണ് മുൻഭാര്യയും ബാലയും തമ്മിൽ പ്രശ്നങ്ങൾ രൂക്ഷമാക്കിയത്. അമ്മയെ നിരന്തരം അച്ഛൻ നിരന്തരം ഉപദ്രവിച്ചിരുന്നതായി കുട്ടി പറയുന്നുണ്ട്. ഒരിക്കൽ തനിക്കുനേരെ കുപ്പി വലിച്ചെറിഞ്ഞെന്നടക്കം കുട്ടി പറയുന്നുണ്ട്. ഇതിനുപിന്നാലെ ബാല പ്രതികരിക്കുകയും വൈകാതെ മുൻ ഭാര്യയ്ക്ക് പിന്തുണയുമായി ഡ്രൈവറായിരുന്ന യുവാവടക്കം രംഗത്തെത്തുകയും ചെയ്തിരുന്നു.