അംഗീകാരമില്ലാത്ത സ്കൂളുകൾ പ്രവർത്തിക്കാൻ അനുവദിക്കില്ല: മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന സ്കൂളുകളുടെ വിവരം ശേഖരിക്കുകയാണെന്നും സർക്കാരിന്റെ സിലബസും അദ്ധ്യാപക യോഗ്യതയും പരീക്ഷാരീതികളും പിന്തുടരാത്ത സ്ഥാപനങ്ങളെ തുടർന്ന് പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും മന്ത്രി വി.ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. ഇവയ്ക്ക് ഒരു മാസത്തിനകം വിദ്യാഭ്യാസ ഡയറക്ടർ നോട്ടീസ് നൽകും. പ്രവേശനത്തിന് ലക്ഷങ്ങൾ തലവരിയീടാക്കുന്ന സ്കൂളുകൾ ഫീസ് സ്വന്തമായി നിശ്ചയിക്കുകയാണ്. മൂന്നുമാസത്തേക്ക് അരലക്ഷം രൂപയാണ് ശരാശരി ഫീസ്. എൽ.കെ.ജിയിലേക്ക് കാൽലക്ഷവും ഒന്നാം ക്ലാസിലേക്ക് രണ്ടുലക്ഷവും തലവരിയീടാക്കുന്നു. കോഴ വാങ്ങുന്ന സ്ഥാപനങ്ങൾക്കും നോട്ടീസ് നൽകും. വിദ്യാഭ്യാസ കച്ചവടം അനുവദിക്കില്ലെന്നും കെ.ജെ. മാക്സിയുടെ സബ്മിഷന് മന്ത്രി മറുപടി നൽകി.
ക്രിയേറ്റീവ് ക്ലാസ് മുറികൾ
സംസ്ഥാനതല ഉദ്ഘാടനം ഇന്ന്
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ക്രിയേറ്റീവ് ക്ലാസ് മുറികൾ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 11ന് തിരുവനന്തപുരം കാലടി സർക്കാർ ഹൈസ്കൂളിൽ മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും.
വിജ്ഞാനവും തൊഴിലും വേർതിരിച്ച് കാണേണ്ടതില്ലെന്ന അവബോധം സൃഷ്ടിക്കുകയാണ് ക്രിയേറ്റീവ് ക്ലാസ് റൂം പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. സംസ്ഥാനത്ത് ആകെ 600 ക്ലാസ് മുറികളാണ് ക്രിയേറ്റീവ് കോർണറായി മാറുന്നത്. വയറിംഗ്, പ്ലംബിംഗ്, വുഡ് ഡിസൈനിംഗ്, പാചകം, കൃഷി, ഫാഷൻ ടെക്നോളജി, ഇലക്ട്രോണിക്സ്, കോമൺ ടൂൾസ് എന്നിവയിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകും.
മേയർ ആര്യാ രാജേന്ദ്രൻ അദ്ധ്യക്ഷയാകും. കാലടി വാർഡ് കൗൺസിലർ ശിവകുമാർ.വി, പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടർ എസ്.ഷാനവാസ്, എസ്.സി.ഇ.ആർ.ടി ഡയറക്ടർ ജയപ്രകാശ് ആർ.കെ, സ്കോൾ കേരള വൈസ് ചെയർമാൻ പ്രമോദ്.പി, എസ്.എസ്.കെ പ്രോജക്ട് ഡയറക്ടർ എ.ആർ. സുപ്രിയ എന്നിവരും പങ്കെടുക്കും.