ഇന്ന് ലോക വിദ്യാർത്ഥി ദിനം, മുഹമ്മദിന്റ ലോകം ഈ ത്രിമൂർത്തികൾ

Tuesday 15 October 2024 1:45 AM IST

കോയിവിള ഗവ.എച്ച്.എസ്.എസിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളായ ആസിഫ്, മുഹമ്മദ് അബിനാൻ, ബിലാൽ എന്നിവർ സഹപാഠിയായ മുഹമ്മദിനൊപ്പം ഫോട്ടോ: എം.എസ്.ശ്രീധർലാൽ

കൊല്ലം: ജന്മനാ കൈകാലുകൾ തളർന്നെങ്കിലും മുഹമ്മദിന് അതൊരുപ്രശ്നമല്ല. എന്തിനുമേതിനും മൂന്ന് സുഹൃത്തുക്കൾ ഒപ്പമുള്ളപ്പോൾ വൈകല്യങ്ങളെല്ലാം ഈ പതിനൊന്നുകാരൻ മറക്കും. ജി.എച്ച്.എസ്.എസ് അയ്യൻകോയിക്കലാണ് ഈ അപൂർവ സൗഹൃത്തിന് വേദിയാകുന്നത്.

കോയിവിള പുത്തൻ സങ്കേതത്തിൽ മണ്ണാവയലിൽ കിഴക്കേത്തറ വീട്ടിൽ പ്രവാസിയായിരുന്ന ഷാജഹാന്റെയും സമീനയുടെയും ഇളയ മകനാണ് എസ്. മുഹമ്മദ്. ആസി​ഫ്, മുഹമ്മദ് അബിൻ, ബി​ലാൽ എന്നിവരാണ് രാവിലെ സ്കൂളിലെത്തുന്നതു മുതൽ മടങ്ങുന്നതു വരെ മുഹമ്മദിന് കൈത്താങ്ങേകുന്നത്. എല്ലാവരും അഞ്ചാം ക്ലാസ് വിദ്യാർത്ഥികൾ. അബി​നാനും ആസിഫും മുഹമ്മദിന്റെ അയൽവാസികളാണ്.

കൊവിഡ് കാരണം ഒന്നും രണ്ടും ക്ലാസുകൾ ഓൺലൈനായാണ് പഠിച്ചത്. മൂന്നാം ക്ലാസിലാണ് ഗവ. എൽ.പി.എസ് അയ്യൻകോയിക്കലെത്തിയത്. ഈ വർഷം അഞ്ചാം ക്ലാസിലെത്തി. അപ്പോഴാണ് ജി.എച്ച്.എസ്.എസ് അയ്യൻകോയിക്കലെത്തിയത്. അന്ന് തുടങ്ങിയതാണ് ഈ സൗഹൃദം. മുഹമ്മദിന് ഭക്ഷണം വാരിക്കൊടുക്കുന്നതും വായ കഴുകിക്കുന്നതും ടോയ്‌ലറ്റിൽ കൊണ്ടുപോകുന്നതും പാഠഭാഗം പൂർത്തിയാക്കി നൽകുന്നതുമെല്ലാം സുഹൃത്തുക്കളാണ്. ഒരിക്കൽ ഉമ്മ സമീന മുഹമ്മദിന് ചോറ് വാരിക്കൊടുക്കാമോയെന്ന് സുഹൃത്തുക്കളോട് ചോദിച്ചിരുന്നു. അന്ന് മുതൽ ഈ മൂവർ സംഘം മുഹമ്മദിനൊപ്പമുണ്ട്. നാല് പേരും പഠിത്തത്തിലും മിടുക്കർ.

കഴിഞ്ഞ 10ന് സ്‌കൂൾ യുവജനോത്സവത്തിനിടെ മുഹമ്മദിനെ ശുശ്രൂഷിക്കുന്നത് ആരോ പകർത്തി സാമൂഹ്യ മാദ്ധ്യമങ്ങളിലിട്ടു. ആ റീൽ മണിക്കൂറുകൾക്കകം വൈറലായി. മന്ത്രി വി. ശിവൻകുട്ടിയുൾപ്പെടെയുള്ളവർ ഷെയർ ചെയ്തു.

 സാരഥിയായി ഇലക്ട്രോണിക് വിൽ ചെയർ

മകനെ സ്‌കൂട്ടറിൽ സ്കൂളിലെത്തിക്കുന്നതും തിരിച്ചുകൊണ്ടുപോകുന്നതും ഷാജഹാനാണ്. രാവി​ലെ വീൽ ചെയറുമായി സുഹൃത്തുക്കൾ മുഹമ്മദിനെ കാത്തുനിൽക്കും. ബി.ആർ.സി പദ്ധതിയിലൂടെ ഒരുക്കിയ ഇലക്ട്രോണിക് വിൽചെയറാണ് സ്കൂളി​ൽ മുഹമ്മദി​ന്റെ സാരഥി​. റാമ്പിലൂടെ കയറാനാകുന്ന താഴത്തെ നിലയിലാണ് ക്ലാസ്. ഇതിനോട് ചേർന്ന് ഭിന്നശേഷി സൗഹൃദ ടോയ്‌ലെറ്റുമുണ്ട്. സുജിത്ത് വിജയൻ പിള്ള എം.എൽ.എ നൽകിയ ഇലക്ട്രോണിക്ക് വീൽ ചെയറാണ് വീട്ടി​ലുപയോഗിക്കുന്നത്. പീഡിയാട്രിക് ഡോക്ടറാകണമെന്നാണ് മുഹമ്മദി​ന്റെ ആഗ്രഹം. നഴ്സിംഗ് വിദ്യാർത്ഥി ആമിനയാണ് സഹോദരി.