ഒപ്‌റ്റോമെട്രിസ്റ്റുകളുടെ ദേശീയസമ്മേളനം സമാപിച്ചു

Tuesday 15 October 2024 12:09 AM IST
വെള്ളിമാടുകുന്ന് ജെൻഡർപാർക്കിൽ നടന്ന ഒപ്‌റ്റോമെട്രിസ്റ്റുകളുടെ ദേശീയ സമ്മേളനം വിസിയോ ഒപറ്റോകോൺ 2024 കേരള ഫെഡറേഷൻ ഓഫ് ദ് ബ്ലൈൻഡ് പ്രസിഡന്റ് ഡോ. സി ഹബീബ് ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട്: ഒപ്‌റ്റോമെട്രിസ്റ്റുകളുടെ ദേശീയ സമ്മേളനം വിസിയോ ഒപ്‌റ്റോകോൺ 2024 വെള്ളിമാടുകുന്ന് ജെൻഡർപാർക്കിൽ സമാപിച്ചു. കേരള ഫെഡറേഷൻ ഓഫ് ദ് ബ്ലൈൻഡ് പ്രസിഡന്റ് ഡോ. സി.ഹബീബ് സമ്മേളനം ഉദ്ഘാടനം ചെയ്തു.

വി ട്രസ്റ്റ് ഗ്രൂപ്പ് ഓഫ് ഐ ഹോസ്പിറ്റൽസും ഒപ്‌റ്റോമെട്രി കോൺഫെഡറേഷൻ ഓഫ് ഇന്ത്യ (ഒ.സി.ഐ) കേരള ചാപ്റ്ററും ഇന്ത്യൻ ഒപ്‌റ്റോമെട്രിക് അസോസിയേഷനും (ഐ.ഒ.എ) ചേർന്നാണ് സമ്മേളനം സംഘടിപ്പിച്ചത്. സംഘാടക സമിതി ചെയർമാനും വി ട്രസ്റ്റ് ഗ്രൂപ്പ് ഓഫ് ഐ ഹോസ്പിറ്റൽസ് മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷാഹുൽ ഹമീദ് അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യൻ ഒപ്‌റ്റോമെട്രിക് അസോസിയേഷൻ (ഐ.ഒ.എ) കേരള ചാപ്റ്റർ വൈസ് പ്രസിഡന്റ് പി ശ്യാംലാൽ, അതുൽ മോഹൻ, മുഹിയുദ്ദീൻ ഷാ, ഡോ. എം ജി ജയചന്ദ്രൻ, നുഫൈൽ വാകേരി, സന്ദുജ് ലാൽ, മഷൂർ അലി, അനസ് ആലയാട്ട്, മരിയ പ്രിയങ്ക കുര്യൻ എന്നിവർ പ്രസംഗിച്ചു.

വയോജനങ്ങളുടെ നേത്ര പരിചരണത്തിൽ ഒപ്‌റ്റോമെട്രിസ്റ്റുകളുടെ പ്രാധാന്യം, ഒപ്‌റ്റോമെട്രിസ്റ്റുകളും മയോപിയ ബോധവത്കരണവും തുടങ്ങി കണ്ണുകളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ നേത്ര രോഗ വിദഗ്ദ്ധർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഒപ്‌റ്റോമെട്രിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ശിൽപ്പശാലകളും ചർച്ചകളും നടന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും 500 ഒപ്‌റ്റോമെട്രിസ്റ്റുകളും പത്തോളം നേത്രരോഗ വിദഗ്ദ്ധരും വിവിധ കോളേജുകളിൽ നിന്നായി മുന്നൂറോളം ഒപ്‌റ്റോമെട്രി വിദ്യാർത്ഥികളും സമ്മേളനത്തിൽ പങ്കെടുത്തു.