ഉപതിരഞ്ഞെടുപ്പിന് ഒരുങ്ങി മുന്നണികൾ, സ്ഥാനാർത്ഥി ചർച്ചകൾ സജീവം

Tuesday 15 October 2024 12:19 AM IST

കൽപ്പറ്റ: പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലും വയനാട് ലോക്സഭാ മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം ഇന്നുണ്ടാകുമെന്ന പ്രതീക്ഷയിൽ പോരാട്ടം കടുപ്പിക്കാനൊരുങ്ങി മുന്നണികൾ. സ്ഥാനാർത്ഥി ചർച്ചകൾ അവസാനഘട്ടത്തിലാണ്. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് പിന്നാലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കളത്തിലിറങ്ങും.

വയനാടും പാലക്കാടും യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്രാണ്. ചേലക്കര എൽ.ഡി.എഫിന്റേതും. രാഹുൽഗാന്ധി സീറ്റ് ഒഴിഞ്ഞതോടെയാണ് വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. പാലക്കാട്ട് കോൺഗ്രസിലെ ഷാഫി പറമ്പിലും ചേലക്കരയിൽ സി.പി.എമ്മിലെ കെ.രാധാകൃഷ്ണനും എം.പിമാരായതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ്.

നിലവിലെ സീറ്റ് നിലനിറുത്താനും മറ്റുള്ളവ പിടിച്ചെടുക്കാനുമുള്ള തന്ത്രങ്ങളാകും എൽ.ഡി.എഫും യു.ഡി.എഫും പയറ്റുക. മികച്ച സ്ഥാനാർത്ഥികളെ രംഗത്തിറക്കി 'തൃശൂർ മോഡൽ' വിജയത്തിനാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. ഏറ്റവുമൊടുവിലുണ്ടായ രാഷ്ട്രീയ വിവാദങ്ങളടക്കം ഉപതിരഞ്ഞെടുപ്പിൽ മാറ്റുരയ്ക്കപ്പെടും.

വയനാട്ടിൽ പോര് മുറുകും

പ്രിയങ്കാഗാന്ധി സ്ഥാനാർത്ഥിയാകുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രിയങ്കയുടെ തിളക്കമാർന്ന വിജയത്തിനായുള്ള തയ്യാറെടുപ്പ് തുടങ്ങി. നിയമസഭാ മണ്ഡലങ്ങളുടെ ചുമതലകൾ എം.പിമാർക്കും എം.എൽ.എമാർക്കും വീതിച്ചു നൽകി

എൽ.ഡി.എഫിൽ സി.പി.ഐയ്ക്കു തന്നെയാണ് സീറ്റ്. ദേശീയതലത്തിൽ തന്നെ പൊതുസമ്മതനായ ഒരാളെയാണ് സി.പി.ഐ തേടുന്നത്. 17ന് ഇടതുമുന്നണി മുക്കത്ത് യോഗം ചേരുന്നുണ്ട്

ഇരുമുന്നണികളേയും പ്രതിരോധത്തിലാക്കി മികച്ച പ്രകടനം കാഴ്ചവയ്ക്കാനുള്ള തന്ത്രങ്ങളാകും എൻ.ഡി.എ പുറത്തെടുക്കുക. കരുത്തനായ സ്ഥാനാർത്ഥിയെ തന്നെയാകും ഇക്കുറിയും രംഗത്തിറക്കുക

ചേലക്കരയിൽ തീപാറും

1996 മുതൽ മണ്ഡലം സി.പി.എമ്മിന്റെ കുത്തകയാണ്. മുൻ എം.എൽ.എ യു.ആർ.പ്രദീപാകും സ്ഥാനാർത്ഥിയെന്ന് ഏറെക്കുറെ ഉറപ്പാണ്. പ്രദീപിന്റെ വ്യക്തിബന്ധങ്ങളും മുൻജനപ്രതിനിധിയെന്ന നിലയിലുള്ള അനുഭവസമ്പത്തും അനുകൂലമാകുമെന്ന് പ്രതീക്ഷ

കോൺഗ്രസിൽ മുൻ എം.പി. രമ്യഹരിദാസ്, കെ.എ.തുളസി എന്നിവരുടെ പേരുകളാണ് ഉയരുന്നത്. മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി.ദാസന്റെ പേരുമുണ്ട്. മൂന്നുപേരും മണ്ഡലത്തിൽ സുപരിചിതർ

എൻ.ഡി.എയിൽ തിരുവില്വാമല മുൻപഞ്ചായത്ത് പ്രസിഡന്റ് ബാലകൃഷ്ണൻ, ടി.എൻ.സരസു എന്നിവർക്കാണ് സ്ഥാനാർത്ഥി ചർച്ചയിൽ മുൻതൂക്കം

പാലക്കാട്ട് പോരാട്ടം കടുക്കും

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ,​ കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി.ബൽറാം, കെ.പി.സി.സി സോഷ്യൽ മീഡിയ കൺവീനർ ഡോ.പി.സരിൻ എന്നിവരുടെ പേരുകൾ കോൺഗ്രസ് ചർച്ചകളിലുണ്ട്. കെ.മുരളീധരനെ ഇറക്കണമെന്ന ആവശ്യവും ഒരുവിഭാഗം ഉന്നയിക്കുന്നു

വിജയപ്രതീക്ഷയുള്ള ബി.ജെ.പി സ്ഥാനാർത്ഥിയെക്കുറിച്ച് നടത്തിയ സർവേയിൽ സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ ഒന്നാമതെത്തി. ശോഭ സുരേന്ദ്രൻ രണ്ടാമതും. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ മത്സരിക്കാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല

സി.പി.എമ്മിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾക്കാണ് മുൻതൂക്കം. ഡി.വൈ.എഫ്‌.ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫ്, ജില്ലാ പഞ്ചായത്തംഗം സഫ്ദർ ഷെരീഫ്, ടി.കെ.നൗഷാദ് എന്നിവരുടെ പേരുകളും സംസ്ഥാന കമ്മിറ്റിക്ക് ജില്ലാനേതൃത്വം നൽകിയിട്ടുണ്ട്.