ഇംഗ്ലണ്ട് വീണ്ടും വിജയവഴിയിൽ

Tuesday 15 October 2024 4:41 AM IST

ഹെൽസിങ്കി: നേഷൻസ് ലീഗിൽ ഇംഗ്ലണ്ട് വീണ്ടും വിജയവഴിയിൽ. കഴിഞ്ഞ ദിവസം ബി ഗ്രൂപ്പ് 2ലെ മത്സരത്തിൽ ഇംഗ്ലണ്ട് 3-1ന് ഫിൻലൻഡിനെ കീഴടക്കി. ജാക്ക് ഗ്രീലിഷ്, അലക്സാണ്ടർ അർനോൾഡ്, ഡെക്ലാൻ റൈസ് എന്നിവരാണ് ഇംഗ്ലണ്ടിന്റെ സ്കോറർമാർ. അർട്ടു ഹോസ്കോണൻ ഫിൻലൻഡിന്റെ ആശ്വാസ ഗോൾ നേടി. കഴിഞ്ഞ മത്സരത്തിൽ ഗ്രീസിനോട് തോറ്റ ഇംഗ്ലണ്ടിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതായി ഈ ജയം.

മറ്റൊരു മത്സരത്തിൽ ഓസ്ട്രിയ 5-1ന് നോർവേയെ തരിപ്പണമാക്കി. മാർക്കോ അർണൗട്ടോവിക്ക് പെനാൽറ്റിയിൽ നിന്നുൾപ്പെടെ ഇരട്ടഗോളുകളുമായി തിളങ്ങിയ മത്സരത്തിൽ ഫിലിപ്പ് ലീൻഹാർട്ട്, സ്റ്റെഫാൻ പോസ്‌ക്, മിഖായേൽ ഗ്രിഗോറിഷ് എന്നിവർ ഓരോ ഗോൾ വീതം ഓസ്ട്രിയക്കായി നേടി. അലക്സാണ്ട‌ർ സോ‌ർലോത്താണ് നോ‌ർവെയ്ക്കായി ഒരു ഗോൾ മടക്കിയത്.