പ്രവാസി ക്ഷേമനിധി: അംശദായ കുടിശികയ്ക്ക് 14% പലിശ
തിരുവനന്തപുരം: അംശദായം അടയ്ക്കാതെ പ്രവാസി ക്ഷേമനിധി അംഗത്വം നഷ്ടമായവർക്ക് അത് പുനഃസ്ഥാപിക്കാൻ കുടിശികയുടെ 14ശതമാനം പലിശയും ഒരു ശതമാനം പിഴയും നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ഒരു വർഷമോ അതിലേറെയോ അംശദായം അടയ്ക്കാതിരുന്നാലാണ് അംഗത്വം നഷ്ടമാവുന്നത്. കുടിശിക തുകയ്ക്ക് ആനുപാതികമായി പലിശ വർദ്ധനവ് വരുന്ന രീതി ഒഴിവാക്കി സോഫ്റ്റ്വെയറിൽ ക്രമീകരണം വരുത്തുമെന്നും മുഖ്യമന്ത്രി മറുപടി നൽകി.
ലോജിസ്റ്റിക്സ് പാർക്കുകൾ ആരംഭിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ലോജിസ്റ്റിക്സ് പാർക്കുകൾ ആരംഭിക്കുമെന്ന് മന്ത്രി പി.രാജീവ് നിയമസഭയെ അറിയിച്ചു. പത്തേക്കർ ഭൂമിയിൽ ലോജിസ്റ്റിക്സ് പാർക്കുകളും അഞ്ചുമുതൽ പത്തേക്കർ ഭൂമിയിൽ മിനി ലോജിസ്റ്റിക്സ് പാർക്കുകളും നിർമിക്കാൻ പ്രോത്സാഹനം നൽകും. സ്വകാര്യ മേഖലയിലോ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയോ സ്ഥാപിക്കുകയാണ് ലക്ഷ്യം. പാർക്കിനായുള്ള ഭൂമിക്ക് സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസുകളും ഒഴിവാക്കുന്നതും നയം വിഭാവനം ചെയ്യുന്നുണ്ട്. ഫെബ്രുവരി 21, 22 തീയതികളിൽ ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് കൊച്ചിയിൽ സംഘടിപ്പിക്കും.