ചെട്ടികുളങ്ങര ദേവീക്ഷേത്ര ഉപദേശക സമിതി: ഹൈക്കോടതി വിധി നടപ്പാക്കണം: സംയുക്ത കൺവെൻഷൻ

Wednesday 16 October 2024 3:06 AM IST

മാവേലിക്കര: ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ ഉപദേശക സമിതി രൂപീകരിക്കണമെന്ന ഹൈക്കോടതി വിധി,​ ആറ് മാസമായിട്ടും നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് കൺവെൻഷൻ സംഘടിപ്പിച്ചു. എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂണിയൻ കൺവീനർ ഡോ.എ.വി.ആനന്ദരാജിന്റെ അദ്ധ്യക്ഷതയിൽ ടി.കെ.മാധവൻ സ്മാരക എസ്.എൻ.ഡി.പി യൂണിയൻ ഹാളിൽ ചേർന്ന കൺവെൻഷൻ കേരളതണ്ടാർ മഹാസഭ മാവേലിക്കര - ചെങ്ങന്നൂർ താലൂക്ക് യൂണിയൻ സെക്രട്ടറി ഷിബു അച്യുതൻ ഉദ്ഘാടനം ചെയ്തു.

വിവിധ ഹൈന്ദവ സംഘടനകളുടെ സംയുക്ത കൺവെൻഷൻ സാമൂഹികനീതിയിൽ അധിഷ്ഠിതമായ ഹൈക്കോടതി വിധി അടിയന്തരമായി നടപ്പാക്കണമെന്ന്
ആവശ്യപ്പെട്ടു. സമ്മർദ്ദങ്ങൾക്ക് വഴങ്ങി ഉപദേശക സമിതി രൂപീകരണം അട്ടിമറിക്കാനുള്ള ശ്രമങ്ങൾക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനും

ആദ്യ ഘട്ടമായി 28ന് രാവിലെ 10ന് മാവേലിക്കര ദേവസ്വം അസിസ്റ്റന്റ് കമ്മിഷണർ ഓഫീസിന്റെ മുന്നിൽ ഹൈന്ദവ കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കാനും തീരുമാനിച്ചു.

കേരള ഗണക മഹാസഭ ജില്ലാ സെക്രട്ടറി ടി.സി.കാർത്തികേയൻ സ്വാഗതം പറഞ്ഞു. എസ്.എൻ.ഡി.പിയോഗം മാവേലിക്കര യൂണിയൻ ജോ.കൺവീനർ ഗോപൻ ആഞ്ഞിലിപ്ര ആമുഖപ്രസംഗം നടത്തി. ചെട്ടികുളങ്ങര മുൻ പഞ്ചായത്ത് പ്രസിഡന്റ് ഹരിദാസൻ നായർ, കെ.ടി.എം.എസ് മാവേലിക്കര ചെങ്ങന്നൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ.എസ്. കൃഷ്ണകുമാർ, വിശ്വകർമ്മ മഹാസഭ സെക്രട്ടറി പി. രാജപ്പൻ, വിശ്വകർമ്മ മഹാസഭ ഭാരവാഹി അജിത്ത് പാർത്ഥൻ, കെ.ജി.എം.എസ് മാവേലിക്കര യൂണിയൻ സെക്രട്ടറി കെ.കെ.വിജയകുമാർ, കെ.ജി.എം.എസ്. മാവേലിക്കര യൂണിയൻ ട്രഷറർ ശ്രീകുമാർ കെ, എസ്.എൻ.ഡി.പി മാവേലിക്കര യൂണിയൻ ജോ. കൺവീനർ രാജൻ ഡ്രീംസ്, വിളക്കിത്തല നായർ സമാജം സെക്രട്ടറി മധു .ജി, ശാഖ സെക്രട്ടറി ഗിരീഷ് .എസ്, വീരശൈവ മഹാസഭാ സെക്രട്ടറി രാജൻ തുടങ്ങിയവർ സംസാരിച്ചു. കെ.ജി.എം.എസ് സംസ്ഥാന ഡയറക്ടർ ബോർഡ് മെമ്പർ കെ.എസ്. ശ്രീകുമാർ നന്ദി പറഞ്ഞു.