'പി.പി. ദിവ്യയ്‌ക്ക് ആഡംബര ഭ്രമവും അഹങ്കാരവും"
കണ്ണൂർ: സി.പി.എം കണ്ണൂർ ജില്ലാ കമ്മറ്റിയംഗവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി.പി. ദിവ്യയ്‌ക്ക് അഹങ്കാരവും ആഡംബര ഭ്രമവുമാണെന്ന് ഇടത് അനുകൂല സൈബർ ഗ്രൂപ്പുകളുടെ വിമർശനം. യാത്ര അയപ്പ് ചടങ്ങിലെ ദിവ്യയുടെ വിമർശനത്തിന് പിന്നാലെ എ.ഡി.എം നവീൻ ബാബുവിനെ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നാണ് വിമർശനം കടുത്തത്.
യാത്രഅയപ്പ് യോഗത്തിൽ ക്ഷണിക്കാതെ ചെന്ന് ഒരു മനുഷ്യനെ മാനസികമായി തകർത്ത് മരണത്തിലേക്ക് തള്ളിവിട്ടെന്നും മിക്ക പേജുകളും ആരോപിക്കുന്നു. ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റുകൾക്കും ചിത്രങ്ങൾക്കും താഴെ രൂക്ഷമായ കമന്റുകളാണെത്തുന്നത്. അതേസമയം എ.ഡി.എം കൈക്കൂലി വാങ്ങിയെന്നാരോപിച്ച് പെട്രോൾ പമ്പ് സംരംഭകനായ ടി.വി. പ്രകാശൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതി ചൂണ്ടിക്കാട്ടിയാണ് ഇടത് പ്രൊഫൈലുകളുടെ പ്രതിരോധം.
അഹങ്കാരത്തിന് കൈയും കാലും വെച്ചാൽ അത് പി.പി. ദിവ്യ ആയെന്നാണ് പയ്യന്നൂർ റെഡ്സ്‌ക്വാഡ് തുടങ്ങിയ സൈബർ ഗ്രൂപ്പുകളിലെ വിമർശനം. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നപ്പോൾ പുതിയ ഇന്നോവ വേണമെന്ന് വാവാശി പിടിച്ച് പഞ്ചായത്തിൽ ദിവ്യ കുഴപ്പമുണ്ടാക്കിയിരുന്നു. തുടർന്ന് സി.പി.എം ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനും കണ്ണൂർ ജില്ലാ കമ്മിറ്റിയും അവരെ താക്കീത് ചെയ്തു. എന്നിട്ടും ആഡംബര സ്വഭാവത്തിൽ ഒരു മാറ്റവുമില്ല. കണ്ണൂരിൽ ഫ്ളാറ്റ് വാങ്ങിയതും പാലക്കയം തട്ടിൽ റിസോർട്ടിലെ നിക്ഷേപവുമെല്ലാം പാർട്ടി അന്വേഷിക്കണമെന്നാണ് ഇടതു ഗ്രൂപ്പുകളുടെ ആവശ്യം.