60 സെക്കൻഡിൽ 60 സ്ഥലങ്ങൾ; വൈറൽ വീഡിയോ ചിത്രീകരിക്കാൻ എത്രരൂപ ചെലവായെന്ന് വെളിപ്പെടുത്തി കാർത്തിക് സൂര്യ
അറുപത് സെക്കൻഡിൽ കേരളത്തിലെ അറുപത് സ്ഥലങ്ങൾ കാണിക്കുന്ന വ്‌ളോഗറും അവതാരകനുമായ കാർത്തിക് സൂര്യയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 'മനസിലായോ' എന്ന പാട്ടിന് ചുവടുവയ്ക്കുന്ന വീഡിയോയായിരുന്നു ഇത്. ഒരു മിനിട്ടിൽ കേരളത്തിലെ 14 ജില്ലകളിലെ ചെറുതും വലുതുമായ ദൃശ്യങ്ങളാണ് കാണിച്ചത്.
ഇൻസ്റ്റഗ്രാമിൽ മാത്രം അറുപത്തിയഞ്ച് ലക്ഷം വ്യൂസാണ് റീലിന് ലഭിച്ചത്. യൂട്യൂബിൽ പത്ത് ലക്ഷം വ്യൂസ് ലഭിച്ചു. മന്ത്രി മുഹമ്മദ് റിയാസ് അടക്കമുള്ളവർ വീഡിയോ ഷെയർ ചെയ്തിരുന്നു. വീഡിയോയെടുക്കാൻ എത്ര രൂപ ചെലവായി എന്ന് നിരവധി പേർ കമന്റ് ചെയ്തിരുന്നു. ഇതിനുമറുപടിയുമായെത്തിയിരിക്കുകയാണ് കാർത്തിക് സൂര്യ. രണ്ടായിരത്തി അഞ്ഞൂറോളം കിലോമിറ്ററാണ് സഞ്ചരിച്ചത്. ഇതിനായി 27, 693 രൂപ ചെലവായെന്ന് കാർത്തിക് പറയുന്നു. ഭക്ഷണത്തിനും ഇരുപത്തി അയ്യായിരം രൂപയോളമായി. കോസ്റ്റ്യൂ വാങ്ങിയത് അടക്കമുള്ള ചെലവുകൾക്ക് 33,000 രൂപയിലധികമായി. ഇതെല്ലാം കൂടി കൂട്ടുമ്പോൾ 86,371 രൂപയായെന്ന് കാർത്തിക് വ്യക്തമാക്കി. ഇതുകൂടാതെ കൂടെയുണ്ടായിരുന്നവർക്ക് സാലറി കൂടാതെ പൈസ നൽകി. അവർ ഇത്രയും ജോലി ചെയ്‌തതല്ലേ. ഇതുകൂടെ വരുമ്പോൾ ഒരുലക്ഷത്തി ഇരുപതിനായിരത്തിലധികം രൂപ ചെലവായെന്ന് കാർത്തിക് സൂര്യ പറയുന്നു. ആലപ്പുഴയിൽ വച്ച് ഡ്രോൺ വെള്ളത്തിൽപ്പോയി. അതോടെ മറ്റൊന്നുവാങ്ങി. അങ്ങനെ രണ്ട് ലക്ഷത്തിലധികം രൂപ ചെലവായെന്ന് അദ്ദേഹം വ്യക്തമാക്കി.