എല്ലാ ഭായിമാരും പ്രശ്‌നക്കാരല്ല, കോട്ടയം പുതുപ്പള്ളിയില്‍ നിന്ന് ഒരു ഉദാഹരണം

Wednesday 16 October 2024 7:29 PM IST

കോട്ടയം: ഭായിമാര്‍ അതവാ അന്യസംസ്ഥാന തൊഴിലാളികള്‍, എല്ലാവിധ പണികള്‍ക്കും മലയാളികള്‍ ആശ്രയിക്കുന്നത് ഇവരെയാണെങ്കിലും അത്ര നല്ല അഭിപ്രായമല്ല ഇവരെക്കുറിച്ച് ശരാശരി മലയാളിക്ക്. സമീപകാലത്തായി കേരളത്തില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ പ്രതികളായ കേസുകളുടെ എണ്ണവും വര്‍ദ്ധിക്കുന്നത് ഇതിന് കാരണമാണ്. ക്രിമിനല്‍ സ്വഭാവമുള്ളവര്‍ കേരളത്തിലേക്ക് ഒഴുകുന്നുവെന്ന പൊതുധാരണയും ഇതിന് പിന്നിലുണ്ട്. അതുകൊണ്ട് തന്നെ ഒരു അകലത്തില്‍ മാത്രമേ ഭായിമാരെ മലയാളികള്‍ നിര്‍ത്താറുള്ളൂ.

എന്നാല്‍ കോട്ടയം പുതുപ്പള്ളിയിലെ ഒരു അന്യസംസ്ഥാന തൊഴിലാളിയെ കുറിച്ച് ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്ന കുറിപ്പ് വ്യത്യസ്തമായ ഒരു അനുഭവമാണ്. കളഞ്ഞ് കിട്ടിയ പണം തിരികെ ഏല്‍പ്പിച്ച് സത്യസന്ധതയുടെ നല്ല മാതൃക കാട്ടിയ അസാമില്‍ നിന്നുള്ള രോഹില്‍ അലിയെ പറ്റിയുള്ള കുറിപ്പ് സമൂഹമാദ്ധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്. പുതുപ്പള്ളി ബസ് സ്റ്റാന്‍ഡിന് മുന്നിലുള്ള ചിക്കന്‍ കടയിലെ ജോലിക്കാരനാണ് രോഹില്‍ അലി.

ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്ന കുറിപ്പ് ഇങ്ങനെ

രോഹുല്‍ അലി, പുതുപ്പള്ളി ബസ് സ്റ്റാന്റിന് മുന്നില്‍ ഉള്ള ചിക്കന്‍ കടയിലെ ആസാമില്‍ നിന്നുള്ള ജോലിക്കാരന്‍.

ഈകഴിഞ്ഞ 12ന് വൈകുന്നേരം ചിക്കന്‍ മേടിക്കാന്‍ ഞാന്‍ ഈ കടയില്‍ ചെന്നതാണ്.. ചിക്കന്‍ ഓര്‍ഡര്‍ ചെയ്ത് വെയിറ്റ് ചെയ്യുമ്പോള്‍. കടയിലേക്ക് വേറെ ഒരാള്‍ കേറി വന്ന്... കണ്ടാല്‍ തന്നെ ഒരു സാധു മനുഷ്യന്‍. അയാള്‍ രോഹിലിനോട് ചോദിച്ചു. 'ബായ് കഴിഞ്ഞ ദിവസം ഒരു 500 രൂപ എനിക്ക് ഇവിടെ നഷ്ടമായിരുന്നു. കിട്ടിയോ???'

ആ കിട്ടി ചേട്ടാ... ഞാന്‍ എടുത്തു വച്ചിട്ടുണ്ട്.. ചേട്ടന്‍ എന്നെങ്കിലും വരുമ്പോള്‍ തരാന്‍ വേണ്ടി...

ഉടനെ തന്നെ അലമാരിയുടെ മുകളില്‍ സൂക്ഷിച്ചു വച്ചിരുന്ന 500 രൂപ എടുത്തു കൊടുത്തു... രൂപ നഷ്ടമായ ചേട്ടന്‍ ഉടന്‍ പറഞ്ഞു...

ബായ് ആയത് കൊണ്ട് മാത്രമാണ് ഇതെനിക്ക് തന്നത്...

ഇതില്‍ ഒരു 100 രൂപ ഞാന്‍ ബായിക്ക് തരട്ടെ... വേണ്ട ചേട്ടാ... ചേട്ടന്‍ കഷ്ടപ്പെട്ട ക്യാഷ് എനിക്ക് എന്തിനാണ്.... എന്നായിരുന്നു രോഹിലിന്റെ മറുപടി..

അന്യസംസ്ഥാന തൊഴിലാളികളെ നമ്മള്‍ എന്നും കുറച്ച് അകറ്റി നിര്‍ത്തിയിരിക്കുന്നു...

അതിന് ഒരുപാട് കാരണങ്ങളും ഉണ്ട്...

അതില്‍ നിന്ന് ഒരുപാട് വ്യത്യാസം ഉള്ള ഒരാളെ കണ്ടതില്‍ സന്തോഷം...

എന്തായാലും രോഹില്‍ അലിക്ക്...

അഭിനന്ദനങ്ങള്‍...