പാലക്കാട് ജില്ലാ ആശുപത്രിയിൽ കാന്റീൻ ഇല്ലാത്തത് ദുരിതമാകുന്നു

Thursday 17 October 2024 1:37 AM IST
പാലക്കാട് ജില്ലാ വനിതാ ശിശു ആശുപത്രി.

പാലക്കാട്: കാന്റീൻ ഇല്ലാത്തതിനാൽ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും ദുരിതത്തിൽ. ജില്ല ആശുപത്രി, ജില്ല വനിത -ശിശു ആശുപത്രി എന്നിവിടങ്ങളിലാണ് കാന്റീൻ സൗകര്യമില്ലാത്തത്. ജില്ല വനിതശിശു ആശുപത്രിയിൽ ചികിത്സയിലുള്ള ഗർഭിണികൾക്ക് ചൂടുവെള്ളം വാങ്ങാൻ പോലും കൂട്ടിരിപ്പുകാർ പുറത്ത് പോകേണ്ട സ്ഥിതിയാണ്. ആശുപത്രിക്ക് സമീപത്തെ ചായക്കടകളെയും ഹോട്ടലുകളെയുമാണ് ജനങ്ങൾ ആശ്രയിക്കുന്നത്. രാത്രിയിലാണ് ഏറ്റവും ബുദ്ധിമുട്ട്. ആവശ്യമുള്ള ഭക്ഷണം നേരത്തെ പുറത്തുനിന്ന് വാങ്ങിവെച്ചില്ലെങ്കിൽ പിന്നെ ഒന്നും കിട്ടില്ല. താലൂക്ക് വികസന സമിതികളിൽ വിഷയം ചർച്ചയായിട്ടും നാളിതുവരെ നടപടിയുണ്ടായിട്ടില്ല. നേരത്തെ അമ്മത്തൊട്ടിൽ ഉണ്ടായിരുന്ന സ്ഥലത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ കാന്റീൻ തുടങ്ങാൻ നടപടി സ്വീകരിക്കുമെന്ന് താലൂക്ക് സമിതി യോഗത്തിൽ ജില്ല പഞ്ചായത്ത് അധികൃതർ അറിയിച്ചിരുന്നെങ്കിലും അതിന്റെ തുടർനടപടികളും പാതിവഴിയിലാണ്. നിലവിൽ അവിടെ ഷീറ്റ് മാത്രം സ്ഥാപിച്ചിട്ടുണ്ട്. ജില്ല ആശുപത്രിയിലും സ്ഥിതി വ്യത്യസ്തമല്ല. പുരുഷ -വനിതാ വാർഡുകളും പേ വാർഡുകളും ഇവിടെയുണ്ട്. ഇതിനുപുറമേ നിത്യേന ഒ.പിയിലും അത്യാഹിത വിഭാഗത്തിലുമായി ധാരാളം രോഗികൾ ചികിത്സ തേടി എത്താറുണ്ട്. രോഗികൾക്ക് പുറമേ ജീവനക്കാരും പ്രയാസം നേരിടുന്നുണ്ട്. രണ്ട് ആശുപത്രികളും ജില്ല പഞ്ചായത്തിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്.

ഗവ. മെഡിക്കൽ കോളജിലും കാന്റീൻ ഇല്ല

തിങ്കളാഴ്ച കിടത്തി ചികിത്സ ആരംഭിച്ച പാലക്കാട് ഗവ. മെഡിക്കൽ കോളജിലും സമാന സ്ഥിതിയാണ്. ഇവിടെയും കാന്റീൻ സൗകര്യം ഇല്ല. ദേശീയപാതയോരത്ത് സ്ഥിതി ചെയ്യുന്ന മെഡിക്കൽ കോളജിന് സമീപം ചെറിയ ചായക്കടകളോ തട്ടുകടകളോ ഇല്ലാത്തത് സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കും. ഈ ആശുപത്രികളിൽ മിതമായ നിരക്കിൽ പ്രവർത്തിക്കുന്ന കാന്റീൻ ആരംഭിച്ചാൽ സാധാരണക്കാരായ രോഗികൾക്ക് ഏറെ സൗകര്യമാകും.