പാരമ്പര്യ വൈദ്യൻമാരുടെ സംഗമം ഇന്ന്

Thursday 17 October 2024 12:59 AM IST

കൊല്ലം: തദ്ദേശീയ പാരമ്പര്യ ചികിത്സാ വിഭാഗത്തിന്റെ നേതൃത്വത്തിൽ കൊല്ലം പബ്ളിക് ലൈബ്രറി സരസ്വതി ഹാളിൽ ഇന്ന് രാവി​ലെ 9ന് പാരമ്പര്യ വൈദ്യൻമാരുടെ സംഗമം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സവിതാ ദേവി ഉദ്ഘാടനം ചെയ്യും. സോണൽ ചെയർമാൻ നാസറുദ്ദീൻ വൈദ്യർ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറ് വൈദ്യൻമാരാണ് പങ്കെടുക്കുന്നത്. പാരമ്പര്യ ചികിത്സാ രംഗത്തെ അറിവുകൾ പരസ്പരം പങ്കുവയ്ക്കുക, ഔഷധ സസ്യങ്ങളെപ്പറ്റിയുള്ള ചർച്ച, അറിവുകൾ ഏകീകൃത സ്വഭാവത്തിലേക്ക് എത്തി​ക്കുക എന്നിവയാണ് ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. പത്രസമ്മേളനത്തിൽ സംഘടനയുടെ നാഷണൽ അഡ്വൈസറി ബോർഡ് ചെയർമാൻ ടി. ശിവാനന്ദൻ വൈദ്യർ, സംസ്ഥാന ഓർഗനൈസർ ഡി.എസ്. അരുൺ കുമാർ വൈദ്യർ, ടി.ഡി. ബാബു വൈദ്യർ, നസറുദ്ദീൻ വൈദ്യർ, അഞ്ചൽ ശിവാനന്ദൻ എന്നിവർ പങ്കെടുത്തു.