'നവീൻ ബാബുവിന്റെ മരണത്തിൽ പി ശശിക്ക് പങ്ക്'; ദിവ്യയുടെ ഭർത്താവ് പൊളിറ്റിക്കൽ സെക്രട്ടറിയുടെ ബിനാമിയെന്ന് പിവി അൻവർ
പാലക്കാട്: എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്ക് പങ്കുണ്ടെന്ന് പി വി അൻവർ എംഎൽഎ. പാലക്കാട് നടത്തിയ വാർത്താസമ്മേളനത്തിലാണ് അൻവറിന്റെ ആരോപണം. എഡിഎമ്മിനെ യാത്രയയപ്പ് ചടങ്ങിലെത്തി അധിക്ഷേപിച്ച കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയുടെ ഭർത്താവ് പി ശശിയുടെ ബിനാമിയാണെന്നും ശശിക്ക് വേണ്ടി നിരവധി പെട്രോൾ പമ്പുകൾ തുടങ്ങിയിട്ടുണ്ടെന്നും അൻവർ ആരോപിച്ചു. എഡിഎമ്മിനെതിരെ കള്ളപ്പരാതിക്ക് രേഖയുണ്ടാക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ശ്രമിക്കുന്നുവെന്നും ഇതിന് പിന്നിൽ പി ശശിയാണെന്നും അൻവർ കുറ്റപ്പെടുത്തി.
'കണ്ണൂരിൽ പി ശശിയുടെ നേതൃത്വത്തിലുള്ള പല അനധികൃത കാര്യങ്ങൾക്കും അനുമതി കൊടുക്കാൻ എഡിഎം തയ്യാറായിരുന്നില്ല. ഇതിന്റെ പേരിൽ എഡിഎമ്മിന് പണി കൊടുക്കാൻ പിപി ദിവ്യയെ അയച്ചത് പി ശശിയാണ്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ഗുണ്ടാ സംഘത്തിന്റെ തലവനാണ്'.- അദ്ദേഹം പറഞ്ഞു.
പി പി ദിവ്യ അപമാനിച്ചതിൽ മനംനൊന്താണ് എഡിഎം കെ നവീൻ ബാബു കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്. ഇന്നലെ നവീൻബാബുവിന്റെ മൃതദേഹം ജന്മനാടായ പത്തനംതിട്ടയിലെത്തിച്ചു. രാവിലെ 10ന് മൃതദേഹം കളക്ടറേറ്റിൽ പൊതുദർശനത്തിന് വച്ചിരുന്നു. ശേഷം സ്വദേശമായ മലയാലപ്പുഴ പത്തിശേരിൽ കാരുവള്ളിയിൽ വീട്ടിലെത്തിക്കും. മൂന്ന് മണിക്ക് വീട്ടുവളപ്പിൽ സംസ്കാരം.