നവീൻ ബാബുവിന്റെ മരണത്തിൽ പിപി ദിവ്യയ്‌ക്കെതിരെ കേസെടുത്തു; ചുമത്തിയത് പത്ത് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പ്

Thursday 17 October 2024 4:37 PM IST

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. നവീൻ ബാബുവിന്റെ സഹോദരൻ നൽകിയ പരാതിയിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് കേസ്. പത്ത് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പ് ദിവ്യയ്‌ക്കെതിരെ ചുമത്തിയിട്ടുണ്ട്.

ദിവ്യയുടെ പരാമർശം ഒഴിവാക്കേണ്ടതായിരുന്നു എന്ന സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പരാമർശത്തിന് പിന്നാലെയാണ് നടപടി. ദിവ്യയ്‌ക്കെതിരെ നവീനിന്റെ സഹോദരൻ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിട്ടും നടപടിയെടുക്കാൻ പൊലീസ് ആദ്യം തയ്യാറായിരുന്നില്ല. അസ്വാഭാവിക മരണമെന്ന് മാത്രമായിരുന്നു എഫ്‌ഐആറിൽ രേഖപ്പെടുത്തിയിരുന്നത്.

കണ്ണൂർ അഡീഷണൽ ഡിസ്‌ട്രിക്‌ട് മജിസ്‌ട്രേറ്റ് നവീൻ ബാബുവിനെ ചൊവ്വാഴ്‌ച കാലത്താണ് കണ്ണൂർ പള്ളിക്കുന്നിലെ ക്വാർട്ടേഴ്‌സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയുടെ അഴിമതി ആരോപണത്തിന് പിന്നാലെയായിരുന്നു മരണം. തിങ്കളാഴ്‌ച നടന്ന യാത്രയയപ്പ് ചടങ്ങിനിടെയായിരുന്നു ദിവ്യയുടെ ആരോപണം. പെട്രോൾ പമ്പിന് എൻഒസി നൽകാൻ എഡിഎം വഴിവിട്ട നീക്കങ്ങൾ നടത്തിയെന്നാണ് പിപി ദിവ്യ ആരോപിച്ചിരിക്കുന്നത്. ഇതിന്റെ വിവരങ്ങളെല്ലാം തന്റെ കൈവശമുണ്ടെന്നും രണ്ട് ദിവസത്തിനകം എല്ലാവരും എല്ലാം അറിയുമെന്നുമായിരുന്നു അവർ പറഞ്ഞത്.