നിക്മാറിൽ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകൾ
പൂനെയിലെ നിക്മാർ യൂണിവേഴ്‌സിറ്റി (NICMAR-National institute of construction management & research) 2025 വർഷത്തേക്കുള്ള ബിരുദാനന്തര, ബിരുദ പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു. നിർമ്മാണം, ഭൗതിക സൗകര്യ വികസനം, റിയൽ എസ്റ്റേറ്റ്, പ്രോജക്ട് മാനേജ്‌മെന്റ്, കൺസ്ട്രക്ഷൻ മാനേജ്‌മെന്റ് എന്നിവയിൽ രാജ്യത്തെ മികവിന്റ കേന്ദ്രമാണ് നിക്മാർ. മികച്ച പ്ലേസ്‌മെന്റും ഇവിടെയുണ്ട്. എം.ബി.എ, ബിരുദാനന്തര ഡിപ്ലോമ, എം.ടെക്, ബി.ആർക്, ബി.ടെക് സിവിൽ എൻജിനിയറിംഗ്, ബി.ബി.എ പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം.
നിക്മാർ പ്രത്യേകമായി നടത്തുന്ന പ്രവേശന പരീക്ഷയുടെയോ, ഗേറ്റ്, കാറ്റ്, XAT, NMAT ദേശീയ മാനേജ്‌മെന്റ് അഭിരുചി പരീക്ഷ, ജെ.ഇ.ഇ, സാറ്റ് തുടങ്ങിയ പരീക്ഷ സ്‌കോറുകൾ യു.ജി അഡ്മിഷനുവേണ്ടി പരിഗണിക്കും. ഒരാൾക്ക് മൂന്ന് കോഴ്‌സുകൾക്ക് വരെ അപേക്ഷിക്കാം. പി.ജി പ്രോഗ്രാമിന് അപേക്ഷിക്കുമ്പോൾ ഒരു കോഴ്‌സിന് 2000 രൂപയും, രണ്ടു കോഴ്‌സുകൾക്ക് 2200 രൂപയും, മൂന്ന് കോഴ്‌സുകൾക്ക് 2400 രൂപയുമാണ് അപേക്ഷ ഫീസ്. യു.ജി കോഴ്‌സുകൾക്കിത് യഥാക്രമം 1000, 1200, 1400 രൂപയാണ്.
ഡിസംബർ 20 വരെ ഓൺലൈനായി അപേക്ഷിക്കാം. പി.ജി പ്രോഗ്രാമുകൾക്ക് 2025 ജനുവരി 18, 31 തീയതികളിലാണ് നിക്മാർ നടത്തുന്ന പ്രവേശന പരീക്ഷ.
അഞ്ചു വർഷ ബി.ആർക്കിന് 40 സീറ്റുകളുണ്ട്. സസ്റ്റൈനബിൾ എനർജി മാനേജ്‌മെന്റ്, എൻവയൺമെന്റൽ സസ്റ്റൈനബിലിറ്റി, ബിസിനസ് അനലിറ്റിക്‌സ്, പ്രോജക്ട് മാനേജ്‌മെന്റ്, സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, ഡിജിറ്റൽ മാനേജ്‌മെന്റ്, ഇൻഫ്രാസ്ട്രക്ചർ പ്രോജക്ട് മാനേജ്‌മെന്റ്, റിയൽ എസ്റ്റേറ്റ് മാനേജ്‌മെന്റ്, ഫിനാൻസ് മാനേജ്‌മെന്റ്, കൺസ്ട്രക്ഷൻ ടെക്‌നോളജി മാനേജ്‌മെന്റ്, ബിസിനസ് ആൻഡ് ഓൺട്രപ്രണർഷിപ് എന്നിവയിൽ എം.ബി.എ പ്രോഗ്രാമുകളുണ്ട്.
കൂടാതെ പ്രസ്തുത വിഷയങ്ങളിൽ ഒരു വർഷം മുതൽ രണ്ടു വർഷം വരെ നീണ്ടു നിൽക്കുന്ന പി.ജി ഡിപ്ലോമ പ്രോഗ്രാമുകളുമുണ്ട്. ഇന്റഗ്രേറ്റഡ് എം.ബി.എ, ബി.ബി.എ പ്രോഗ്രാമുകളുമുണ്ട്. സിവിൽ, ആർക്കിടെക്ച്ചർ, പ്ലാനിംഗ് ബിരുദധാരികൾക്ക് അപേക്ഷിക്കാം. രാജ്യത്ത് സിവിൽ എൻജിനിയറിംഗ് മേഖലയിൽ പ്ലേസ്‌മെന്റ് സാദ്ധ്യതകൾ കുറഞ്ഞുവരുമ്പോൾ ബിരുദം പൂർത്തിയാക്കിയവർക്കുള്ള മികച്ച പി.ജി പ്രോഗ്രാമുകളാണ് നിക്മാറിലുള്ളത്. നിക്മാറിനു പൂനെ, ഡൽഹി, ഗോവ, ഹൈദരാബാദ്, മുംബയ് എന്നിവിടങ്ങളിൽ കാമ്പസുകളുണ്ട്. വെബ്സൈറ്റ്: www.nicmar.ac.in.