സരിനെ മത്സരിപ്പിക്കുന്നതിൽ സി.പി.എമ്മിൽ അമർഷം

Friday 18 October 2024 12:46 AM IST

പാലക്കാട്: കോൺഗ്രസിനെ വെല്ലുവിളിച്ച് പുറത്തെത്തിയ ഡോ.പി.സരിനെ പാലക്കാട്ട് സ്ഥാനാർത്ഥിയാക്കുന്നതിൽ ഒരു വിഭാഗം നേതാക്കൾക്കും പ്രവർത്തകർക്കും അമർഷം.

പാർട്ടി നേതാക്കളെ തള്ളി മറ്റു പാർട്ടികളിൽ നിന്നെത്തുന്നവരെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ പി.വി.അൻവറിന്റെ അനുഭവം ഉണ്ടാകുമെന്നാണ് ഇവരുടെ വാദം.

കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പിലും മൂന്നാം സ്ഥാനത്തായ സി.പി.എമ്മിനെ സംബന്ധിച്ച് ഉപതിരഞ്ഞെടുപ്പ് അതിനിർണായകമാണ്. രാഷ്ട്രീയമായ മുന്നേറ്റം നടത്താനായില്ലെങ്കിൽ പാലക്കാട് കോട്ടയിൽ ഇനിയൊരു തിരിച്ചുവരവ് അടുത്തകാലത്തൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന് നേതൃത്വത്തിനും ബോധ്യമുണ്ട്. അതിനിടെയാണ് കോൺഗ്രസ് വിട്ടുവന്ന സരിനെ സ്ഥാനാർത്ഥിക്കായാനുള്ള നീക്കം.

സരിനെ പാർട്ടി ചിഹ്നം നൽകി മത്സരിപ്പിക്കാനാണ് ആലോചന. ഇത് തിരിച്ചടിയുണ്ടാക്കുമെന്ന ആശങ്കയാണ് പ്രവർത്തകർ പങ്കുവയ്ക്കുന്നത്. അൻവറിന്റെ അനുഭവം മുന്നിലുള്ളപ്പോൾ നേതൃത്വം ഇക്കാര്യത്തിൽ ജാഗ്രത കാട്ടണമെന്നാണ് പ്രവർത്തകർ പറയുന്നത്. ഡി.വൈ.എഫ്.ഐ നേതാവ് വി.വസീഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ, ജില്ലാ പഞ്ചായത്തംഗം സഫ്ദർ ഷെറീഫ് എന്നിരെയാണ് സ്ഥാനാർത്ഥിയാക്കാൻ പരിഗണിച്ചിരുന്നത്. വിജയസാദ്ധ്യത കണക്കിലെടുത്ത് ജില്ലാ കമ്മിറ്റിയും സെക്രട്ടേറിയറ്റും ചേർന്ന് കെ.ബിനുമോളെ പരിഗണിക്കണമെന്ന് ഏറ്റവുമെടുവിൽ സംസ്ഥാന നേതൃത്വത്തെ അറിച്ചിരുന്നു. അതിനിടെയാണ് സരിന്റെ രംഗപ്രവേശം.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മുൻ ഡി.സി.സി പ്രസിഡന്റ് എ.വി.ഗോപിനാഥിനായി കാത്തിരുന്ന സി.പി.എം ഒടുവിൽ സി.പി.പ്രമോദിനെ രംഗത്തിറക്കിയെങ്കിലും മൂന്നാംസ്ഥാനത്തായി. ഉപതിരഞ്ഞെടുപ്പിലും ആ ഗതിവരാതിരിക്കാൻ നേതൃത്വം ജാഗ്രത കാട്ടണമെന്നാണ് പ്രവർത്തകർ ആവശ്യപ്പെടുന്നത്.

തിരിച്ചടിയാകുമോ എന്ന് ആശങ്ക

മണ്ഡലത്തിൽ ഒന്നേകാൽ ലക്ഷത്തോളം വോട്ടർമാരുണ്ട്. ഇതിൽ 40,000ത്തോളം മുസ്ലീം, ന്യൂനപക്ഷ വോട്ടുകളാണ്. നഗരസഭയിലെ ചില വാർഡുകളിലും പിരായിരി, മാത്തൂർ, കണ്ണാടി പഞ്ചായത്തുകളിലുമാണ് ന്യൂനപക്ഷ വോട്ടുകൾ അധികമുള്ളത്. ഇവിടെ ഇടതുപക്ഷത്തിന് ശക്തമായ അടിത്തറയുണ്ട്. ഈ വോട്ടുകൾ സമാഹരിക്കാൻ കെ.ബിനുമോൾക്കും വി.വസീഫിനും സാധിക്കും. എന്നാൽ, മറ്റൊരു സ്ഥാനാർത്ഥിയായാൽ ഈ വോട്ടുകൾ ലഭിക്കുമോ എന്ന് ഉറപ്പില്ലെന്ന് പ്രവർത്തകർ പറയുന്നു.