ഇന്ത്യൻ പൗരന്മാർക്ക് സന്തോഷവാർത്ത; 5000 രൂപയ്‌ക്ക് രണ്ട് മാസം താമസിക്കാം, വാഗ്ദാനവുമായി യുഎഇ

Friday 18 October 2024 10:54 AM IST

അബുദാബി: കൂടുതൽ ഇന്ത്യൻ പൗരന്മാർക്ക് യുഎഇയിൽ വിസ ഓൺ അറൈവൽ ലഭ്യമാക്കിയതായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) പ്രഖ്യാപിച്ചു. യോഗ്യതയുള്ള ഇന്ത്യൻ യാത്രക്കാർക്ക് 60 ദിവസത്തെ വിസ 250 ദിർഹത്തിന് (5722 രൂപ) നൽകും.

നിലവിൽ, യുകെയിലേക്കും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്കും ടൂറിസ്റ്റ് വിസയുള്ള ഇന്ത്യൻ പൗരന്മാർക്ക് വിസ ഓൺ അറൈവൽ ലഭിക്കും. മുമ്പ് ഇത് യുഎസിലേക്ക് റസിഡന്റ് വിസയോ ടൂറിസ്റ്റ് വിസയോ ഉള്ളവർക്കും യുകെയിലും യൂറോപ്യൻ യൂണിയനിലും റസിഡന്റ് വിസയുള്ളവർക്ക് മാത്രമേ ലഭ്യമായിരുന്നുള്ളു. അപേക്ഷകന്റെ വിസയ്‌ക്കും പാസ്‌പോർട്ടിനും കുറഞ്ഞത് ആറ് മാസമെങ്കിലും സാധുതയുണ്ടായിരിക്കണമെന്നാണ് വ്യവസ്ഥ.

സേവനങ്ങളുടെ പുതുക്കിയ ഫീസ് ഷെഡ്യൂളും അതോറിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്. യുഎസ്, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ, യുകെ എന്നിവിടങ്ങളിൽ നിന്നുള്ള വിസ, റസിഡൻസികൾ അല്ലെങ്കിൽ ഗ്രീൻ കാർഡുകൾ കൈവശമുള്ള ഇന്ത്യൻ പൗരന്മാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും 14 ദിവസത്തെ എൻട്രി വിസയ്‌ക്കുള്ള ഫീസ് 100 ദിർഹമായി തീരുമാനിച്ചു. ഈ വിസ 14 ദിവസത്തേക്ക് കൂടി നീട്ടുന്നതിനുള്ള ഫീസ് 250 ദിർഹമാണ്. 60 ദിവസത്തെ വിസയ്‌ക്ക് 250 ദിർഹമാണ് നിരക്ക്.

യുഎഇയും ഇന്ത്യയും തമ്മിലുള്ള ദീർഘകാല തന്ത്രപരമായ പങ്കാളിത്തതിന്റെ ഭാഗമായാണ് ചില ഇന്ത്യൻ പൗരന്മാർക്കായി വിസ ഓൺ അറൈവൽ സംവിധാനം വിപുലീകരിക്കുന്നതെന്ന് ഐസിപി ഡയറക്‌ടർ ജനറൽ മേജർ ജനറൽ സുഹൈൽ സയീദ് അൽ ഖൈലി പറഞ്ഞു. സാമ്പത്തിക, വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും നിക്ഷേപങ്ങളെയും സംരംഭകരെയും പ്രതിഭകളെയും ആകർഷിക്കുന്നതിനും ആഗോള വിനോദസഞ്ചാര, സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ യുഎഇയുടെ സ്ഥാനം വർദ്ധിപ്പിക്കുന്നതിനുമുള്ള നേതൃത്വത്തിന്റെ പ്രതിബദ്ധതയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.