'ക്ഷണിച്ചത് കളക്‌ടർ, ചടങ്ങിൽ സംസാരിച്ചതെല്ലാം സദുദ്ദേശത്തോടെ'; മുൻകൂർ ജാമ്യ ഹർജി നൽകി പിപി ദിവ്യ

Friday 18 October 2024 3:59 PM IST

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തപ്പെട്ട പിപി ദിവ്യ മുൻകൂർ ജാമ്യ ഹർജി നൽകി. തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ദിവ്യ ഹർജി സമർപ്പിച്ചത്. ചടങ്ങിലേക്ക് ജില്ലാ കളക്‌ടർ ക്ഷണിച്ചിട്ടാണ് എത്തിയതെന്നാണ് പറഞ്ഞിട്ടുള്ളത്. സംഭവദിവസം രാവിലെ നടന്ന മറ്റൊരു പരിപാടിയിൽ കളക്‌ടറോടൊപ്പം പങ്കെടുത്തിരുന്നു. അപ്പോഴാണ് ക്ഷണം ലഭിച്ചതെന്നും ദിവ്യയുടെ ഹർജിയിലുണ്ട്.

യാത്രയയപ്പ് പരിപാടിയിലെത്താൻ അൽപ്പം വൈകിയിരുന്നു. അവിടെ എത്തിയപ്പോൾ സംസാരിക്കാൻ ക്ഷണിച്ചത് ഡെപ്യൂട്ടി കളക്‌ടർ ശ്രുതിയാണ്. നവീൻ ബാബു ഫയലുകൾ വൈകിപ്പിക്കുന്നു എന്ന പലരിൽ നിന്നും പരാതി ലഭിച്ചിട്ടുണ്ട്. പ്രശാന്തന് പുറമേ ഗംഗാധരൻ എന്നയാളും നവീൻ ബാബുവിനെതിരെ പരാതി പറഞ്ഞിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ ഫയൽ നീക്കം വേഗത്തിലാക്കമമെന്ന സദുദ്ദേശത്തോടെയാണ് സംസാരിച്ചതെന്നും ദിവ്യയുടെ ഹർജിയിൽ പറയുന്നു. അല്ലാതെ ആത്മഹത്യയിലേക്ക് തള്ളിവിടാൻ ഉദ്ദേശിച്ചിട്ടില്ല. അന്വേഷണവുമായി സഹകരിക്കും. ഒളിച്ചോടില്ല. ജാമ്യം നൽകണമെന്നും പറഞ്ഞിട്ടുണ്ട്. സംസാരിച്ചതിന്റെ പൂർണരൂപവും ഇതോടൊപ്പം ദിവ്യ ഹാജരാക്കി.