18 മാസത്തിനിടെ യാത്ര ചെയ്തത് 30 ലക്ഷം പേർ , റെക്കാഡ് നേട്ടത്തിലേക്ക് കൊച്ചി
കൊച്ചി: 18 മാസം, 30 ലക്ഷം യാത്രക്കാർ. നേട്ടത്തിലേക്ക് ചുവടുവയ്ക്കുകയാണ് കൊച്ചി വാട്ടർ മെട്രോ. ഈമാസം അവസാനത്തോടെ ലക്ഷ്യത്തിലെത്തും. 2023 ഏപ്രിലിൽ ഉദ്ഘാടനം കഴിഞ്ഞശേഷമുള്ള എല്ലാ മാസങ്ങളിലും യാത്രക്കാരുടെ എണ്ണം കൂടി. രണ്ട് റൂട്ടുകളിൽ ആരംഭിച്ച വാട്ടർ മെട്രോ ഇപ്പോൾ 11 ടെർമിനലുകളിലേക്കും അഞ്ച് റൂട്ടുകളിലേക്കും സർവീസ് നടത്തുന്നുണ്ട്.
മട്ടാഞ്ചേരി, ചേരാനല്ലൂർ ടെർമിനലുകൾ നവംബർ അവസാനത്തോടെ സജ്ജമാകും. അടുത്തമാസം ആദ്യം മൂന്ന് ബോട്ടുകൾ കൂടി കപ്പൽശാല വാട്ടർമെട്രോയ്ക്ക് കൈമാറും.
കഴിഞ്ഞ ആഗസ്റ്റിൽ 16-ാമത്തെ ബോട്ട് കപ്പൽശാല കൈമാറിയിരുന്നു. ആറ് ബോട്ടുകൾ ഒക്ടോബറിലും രണ്ട് ബോട്ടുകൾ അടുത്തവർഷം ആദ്യവും കൈമാറുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നതെങ്കിലും സാങ്കേതിക കാരണങ്ങളാൽ വൈകി.
15 ബോട്ടിനുള്ള ടെൻഡർ വൈകുന്നു
വാട്ടർമെട്രോയ്ക്ക് അധികമായെത്തുന്ന 15 പുതിയ ബോട്ടുകളുടെ നിർമ്മാണത്തിന് ടെൻഡർ ക്ഷണിച്ചിട്ട് മാസം രണ്ടര കഴിഞ്ഞിട്ടും തീരുമാനമായിട്ടില്ല. 15 ബോട്ടുകൾക്ക് രണ്ടാം തവണയാണ് ടെൻഡർ ക്ഷണിക്കുന്നത്. ആദ്യം ടെൻഡർ ആരും സ്വീകരിക്കാതിരുന്നതോടെയാണ് വീണ്ടും വിളിച്ചത്. ആദ്യഘട്ടത്തിലെ 23 ബോട്ടുകൾക്ക് പുറമേയാണ് 143കോടിയോളം മുടക്കിൽ 15 ബോട്ടുകൾ കൂടിയെത്തുക.
ആദ്യഘട്ടത്തിലെ 100 സീറ്റ് ബോട്ടുകൾ ഒരെണ്ണത്തിന് 7.6 കോടിക്ക് കൊച്ചി കപ്പൽശാലയാണ് നിർമ്മിക്കുന്നത്. പുതിയ 15 ബോട്ടുകളുടെ ടെൻഡറും കപ്പൽശാല തന്നെ സ്വന്തമാക്കാനാണ് സാദ്ധ്യത. ഇതോടെ നിർമ്മാണത്തുക ബോട്ടൊന്നിന് 9.5 കോടിയായി ഉയരും.
50 സീറ്റ് ബോട്ടില്ല
നേരത്തെ പ്രഖ്യാപിച്ച 50സീറ്റ് ബോട്ടിന്റെ പദ്ധതി നീളും
15 ബോട്ടുകൾക്ക് ലഭിച്ച ടെൻഡർ തുക അധികബാദ്ധ്യത
കെ.എം.ആർ.എൽ പദ്ധതി
38 ടെർമിനലുകൾ പൂർത്തിയാകുമ്പോൾ 10-15 മിനിറ്റ് ഇടവിട്ട് 78 ബോട്ടുകൾ സർവീസ് നടത്തണം
നിലവിലെ ടെർമിനലുകൾ
വൈറ്റില, കാക്കനാട്, ഹൈക്കോർട്ട്, ബോൾഗാട്ടി, വൈപ്പിൻ, ഫോർട്ട്‌കൊച്ചി, ചേരാനല്ലൂർ, സൗത്ത് ചിറ്റൂർ, ഏലൂർ, മുളവുകാട് നോർത്ത്
നിലവിലെ റൂട്ടുകൾ
ഹൈക്കോർട്ട് - ഫോർട്ട്‌കൊച്ചി
ഹൈക്കോർട്ട് - വൈപ്പിൻ
ഹൈക്കോർട്ട് - സൗത്ത് ചിറ്റൂർ
സൗത്ത് ചിറ്റൂർ - ചേരാനെല്ലൂർ
വൈറ്റില - കാക്കനാട്