കാലത്തിന്റെ കണക്കുമായി കൽക്കുഴിമാടങ്ങൾ

Sunday 20 October 2024 12:38 AM IST

കോന്നി : കോന്നി, റാന്നി വനം ഡിവിഷനുകളിൽ കാണപ്പെടുന്ന കല്ലറകളും കൽക്കുഴിമാടങ്ങളും ചരിത്രത്തിലേക്ക് വിരൽചൂണ്ടുന്നവയാണ്. കൊക്കാത്തോടിന് നാലു കിലോമീറ്റർ പടിഞ്ഞാറ് നിറമൺകുളത്തുള്ള കല്ലറകളും കൽക്കുഴിമാടങ്ങളും പുരാവസ്തുഗവേഷകരായ ഡോ.അജിത് കുമാർ, സി.എസ്.അമ്പിളി, എസ്.നസറുദ്ദീൻ എന്നിവർ പഠനവിധേയമാക്കിയിരുന്നു. മണ്ണിറ പൊട്ടൻപാറ വനമേഖലയിൽ കരിങ്കൽ പാളികൾ കൊണ്ട് നിർമ്മിച്ച ഏഴ് കല്ലറകളുണ്ട്. ഇവിടെ പുരാതനകാലത്തെ മനുഷ്യർ ഉപയോഗിച്ചിരുന്നു എന്ന് കരുതുന്ന വലിയ മൺകുടങ്ങളും കണ്ടെത്തിയിട്ടുണ്ട്. നാലുവശവും അടിഭാഗവും മുകൾഭാഗവും കൊത്തിയെടുത്ത കല്ലുകൾ കൊണ്ട് നിർമ്മിച്ചിരിക്കുന്ന കല്ലറകളാണ് ഇവിടെയുള്ളത്. പലകകൾക്ക് സമാനമായ രീതിയിൽ കൽപ്പാളികൾ കൊത്തിയെടുത്ത നിലയിലാണുള്ളത്. ഇവ തെക്കുവടക്കു ദിശയിലുള്ളതും തെക്കുഭാഗത്തായി പഴുതുള്ളവയുമാണ്. മൺപാത്രങ്ങളും ഇരുമ്പായുധങ്ങളും മുത്തുകളും ഈ കല്ലറകളിൽനിന്ന് ലഭിച്ചിട്ടുണ്ട്. ഇവയിൽ പലതും പിൽക്കാലത്ത് നശിപ്പിക്കപ്പെടുകയും ചെയ്തു. മുൻപ് ആളുകൾ വനമേഖലയിലെ ഈ കല്ലറകൾക്ക് സമീപം ഭയം മൂലം പോകില്ലായിരുന്നു.

കൽമാടങ്ങളേറെ

വടശ്ശേരിക്കരയ്ക്കടുത്ത് പേഴുംപാറയിൽ പമ്പയും കല്ലാറും സംഗമിക്കുന്നതിന് മുമ്പുള്ള റബർത്തോട്ടങ്ങളിൽ നിരവധി കൽമാടങ്ങൾ കാണപ്പെടുന്നുണ്ട്. നാലുവശവും കൽപ്പാളികൾ കൊണ്ട് കെട്ടിമറച്ച് മുകളിൽ മേശക്കല്ല് കൊണ്ടുമൂടിയ ഇവയ്ക്ക് ഒരുവശത്തായി പഴുതും കാണാം. ഏനാദിമംഗലത്ത് പൂതംകര മേഖലയിൽ കൽക്കുഴിമാടങ്ങളും കൽവലയങ്ങളും മുൻകാലങ്ങളിൽ കണ്ടെത്തിയതായി പുരാവസ്തു വകുപ്പ് സ്ഥിരീകരിച്ചിരുന്നു.

കാർഷികസംസ്കാരം രൂപപ്പെടുന്ന കാലഘട്ടങ്ങളിൽ തന്നെ ഈ നദീതടങ്ങൾ കേന്ദ്രീകരിച്ച് മനുഷ്യർ താമസിച്ചിരുന്നു എന്നതിന്റെ തെളിവുകളാണ് ഇവയെല്ലാം.

ഡോ.അരുൺ ശശി (ചരിത്ര ഗവേഷകൻ)