മാസം നൂറ് രൂപ എടുക്കാനുണ്ടോ? എങ്കിൽ നിങ്ങളുടെ ജീവിതം മാറിമറിയും; യുവാക്കൾക്ക് ബെസ്റ്റ് ഓപ്ഷൻ

Sunday 20 October 2024 12:16 PM IST

സമ്പാദ്യത്തിന്റെ ചെറിയ ഒരു ഭാഗം കൃത്യമായി നിക്ഷേപിച്ച് മികച്ച തുക നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ എത്താൻ സഹായിക്കുന്ന ഒരു പദ്ധതിയാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ അല്ലെങ്കിൽ എസ്ഐപി. ഇതൊരു മ്യൂച്വൽ ഫണ്ട് നിക്ഷേപം കൂടിയാണ്. ഇപ്പോഴിതാ നിക്ഷേപപദ്ധതിയിൽ എല്ലാവർക്കും ഭാഗമാകാൻ സാധിക്കുന്ന തരത്തിലുളള പുതിയ പദ്ധതികളാണ് എസ്ഐപി ഒരുക്കിയിരിക്കുന്നത്.

മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളിൽ സാധാരണക്കാരെ കൂടി പങ്കാളികളാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതിയിൽ പുതിയ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. പ്രതിദിനം 100 രൂപ എസ്ഐപിയിൽ അടക്കുന്നതിനുള്ള പദ്ധതിയാണ് എൽഐസി മ്യൂച്വൽ ഫണ്ട് അസെറ്റ് മാനേജ്‌മെന്റ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. എൽഐസി മ്യൂച്വൽ ഫണ്ടിന്റെ തിരഞ്ഞെടുക്കപ്പെട്ട പദ്ധതികളിൽ പ്രതിദിനം കുറഞ്ഞത് 100 രൂപയോ അല്ലെങ്കിൽ ഒരു രൂപയുടെ ഗുണിതങ്ങളോ നിക്ഷേപിക്കാവുന്നതാണ്.

ചില പദ്ധതികളിൽ കുറഞ്ഞ പ്രതിമാസ അടവ് പരിധി 200 രൂപയോ കുറഞ്ഞ ത്രൈമാസ അടവ് പരിധി 1000 രൂപയോ ആയും നിശ്ചയിച്ചിട്ടുണ്ട്. എൽഐസി എംഎഫ് ഇഎൽഎസ്എസ് ടാക്‌സ് സേവർ, എൽഐസി എംഎഫ് യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാൻ എന്നിവ ഒഴികെയുള്ള എല്ലാ പദ്ധതികൾക്കുംഈ മാസം 16മുതൽ ഈ ഇളവ് ബാധകമാണ്. കൂടുതൽ ചെറുപ്പക്കാരെയും അധ്വാനിക്കുന്ന ജനവിഭാഗത്തേയും ആകർഷിക്കുന്നതിന്റെ ഭാഗമായി 100 രൂപയുടെ പ്രതിദിന എസ്ഐപി ഏർപ്പെടുത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് എൽഐസി മ്യൂച്വൽ ഫണ്ട് മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ആ‌ർ കെ ഝാ അറിയിച്ചു.