മിസ്റ്റർ കളക്ടർ, താങ്കൾ തിരുവനന്തപുരത്തുകാരെ മൊത്തത്തിൽ നാണം കെടുത്തി... തിരുവനന്തപുരം കളക്ടർക്കെതിരെ രോഷമുയരുന്നു

Sunday 11 August 2019 11:03 AM IST

തിരുവനന്തപുരം : കേരളത്തിന്റെ വടക്ക് പ്രളയം വൻനാശം വിതച്ചപ്പോൾ തലസ്ഥാനമായ തിരുവനന്തപുരത്ത് പുതിയ വിവാദം കനക്കുകയാണ്. ക്യാമ്പുകളിലേക്ക് സാധനങ്ങൾ ആവശ്യമില്ലെന്ന് പരസ്യമായി സമൂഹമാദ്ധ്യമത്തിലൂടെ പറഞ്ഞശേഷം അവധിയിൽ പ്രവേശിച്ച തിരുവനന്തപുരം കളക്ടർ ഗോപാലകൃഷ്ണന്റെ നടപടിയാണ് വിവാദത്തിലായിരിക്കുന്നത്.


പ്രളയബാധിത മേഖലകളിലേക്കാവശ്യമായ സാധനങ്ങളെത്തിക്കുന്നതിൽ നിർണായക പങ്കുവഹിക്കേണ്ടത് തലസ്ഥാന ജില്ലയാണ്. കഴിഞ്ഞ തവണ പ്രളയമുണ്ടായപ്പോഴും തിരുവനന്തപുരത്തെ കുറച്ച് മാത്രമാണ് ബാധിച്ചത്. അതിനാൽതന്നെ കേരളത്തിന്റെ മറ്റുസ്ഥലങ്ങളിലേക്ക് ടൺകണക്കിന് സാധനങ്ങളാണ് തലസ്ഥാനവാസികൾ കയറ്റി അയച്ചത്. അന്നത്തെ കളക്ടർ വാസുകി ഐ.എ.എസ് ഈ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ മുന്നിട്ടുനിൽക്കുകയും ചെയ്തിരുന്നു.

പ്രളയബാധിത മേഖലകളിലേക്കാവശ്യമായ സാധനങ്ങളെത്തിക്കുന്നതിൽ നിർണായക പങ്കുവഹിക്കേണ്ടത് തലസ്ഥാന ജില്ലയാണ്. എന്നാൽ ഇപ്പോൾ സാധാനങ്ങൾ ആവശ്യമില്ലെന്നും വരും ദിവസങ്ങളിൽ അതിനെ കുറിച്ച് ആലോചിക്കാമെന്നും വെള്ളിയാഴ്ച ഫേസ്ബുക്കിലൂടെ അറിയിച്ച ശേഷമാണ് കളക്ടർ ഇന്നലെ അവധിയിൽ പോയത്. ഇന്നും നാളെയും പൊതുഅവധി ദിവസം കഴിഞ്ഞ് മറ്റെന്നാൾ തിരികേ എത്താനായിരുന്നു തീരുമാനം. സംഭവം വിവാദമായതോടെ കളക്ടർ ഇന്ന് മടങ്ങിയെത്തുമെന്നാണ് വിവരം. അതേസമയം കളക്ടറുടെ വിവാദ പ്രസ്താവനയ്‌ക്കെതിരെ തലസ്ഥാനവാസികൾ കടുത്ത പ്രതിഷേധമാണ് ഉയർത്തുന്നത്. അതേസമയം കളക്ടറുടെ പ്രസ്താവന അനവസരത്തിലാണെന്ന് നഗരപിതാവായ മേയർ വി.കെ. പ്രശാന്ത് പറഞ്ഞു. അവശ്യസാധനങ്ങൾ വേണ്ടെന്ന കളക്ടറുടെ അറിയിപ്പ് ജനങ്ങളെ നിരുത്സാഹപ്പെട്ടുത്തിയെന്നും മേയർ പറഞ്ഞു.

തിരുവനന്തപുരം കളക്ടറുടെ ഫേസ്ബുക്ക് പേജിൽ വന്ന ചില കമന്റുകൾ

മിസ്റ്റർ കളക്ടർ, താങ്കൾ തിരുവനന്തപുരം കാരെ മൊത്തത്തിൽ നാണം കെടുത്തി.... ഒരു നിമിഷം പോലും ആ കസേരയിൽ ഇരിക്കാൻ താങ്കൾക്ക് അർഹത ഇല്ല.... എത്രയും പെട്ടെന്ന് രാജി വെച്ച് പുറത്തു പോകൂ.... താങ്കളെ പോലത്തെ കളക്ടർമാരെ നമുക്ക് ആവശ്യം ഇല്ല.

കഴിഞ്ഞ വർഷം എല്ലാ ജില്ലകളിലും മാതൃക ആയതാണ്. അതൊന്നു പിന്തുടർന്നാൽ നന്നായിരുന്നു.മുന്നിൽ നിന്നും നയിച്ചത് തലസ്ഥാന ജില്ല ആയിരുന്നു.

ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് ഒരു അപേക്ഷ.....
തിരുവനന്തപുരം ജില്ലാ കളക്ടറെ ഒന്ന് മാറ്റിത്തരോ.....
ഈ മാതിരി ബണ്ണും പാലും ടീമിനൊന്നും ഒരു ജില്ലയുടെ ഭരണം കൊടുക്കരുതേ എന്റെ പൊന്ന് മുഖ്യാ...

സർ ഞങ്ങൾ പണ്ട് ഒരു കളക്ടർ ഉണ്ടായിരുന്നു


വാസുകി മാഡം അവരോടൊന്ന് ചോദിക്കണം സാർ കഴിഞ്ഞ വർഷം പ്രളയം ഉണ്ടയപ്പൊൾ അവർ എന്താ ചെയ്തതെന്ന് എന്നിട്ട് ഇതുപോലെ വായിൽ കൊള്ളാത്ത ഇംഗ്ലീഷൊക്കെ എഴുതി ഇട്ടാൽ മതി