കണ്ണൂർ കളക്ടർ മുഖ്യമന്ത്രിയെ സന്ദർശിച്ച് വിശദീകരണം നൽകി #പ്രതിഷേധം ഭയന്ന് മുഖ്യമന്ത്രിയുടെ പരിപാടിയിൽ നിന്നൊഴിഞ്ഞു

Monday 21 October 2024 2:38 AM IST

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനൊപ്പം പങ്കെടുക്കേണ്ട പൊതു ചടങ്ങിൽ നിന്ന് ജില്ലാ കളക്ടർ അരുൺ കെ വിജയൻ ഒഴിവായി. പിണറായി എ.കെ.ജി സ്‌കൂളിൽ കെട്ടിട ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കേണ്ടതായിരുന്നു. പിണറായിയിലെ വീട്ടിലെത്തി ശനിയാഴ്ച രാത്രി മുഖ്യമന്ത്രിയുമായി കളക്ടർ ഇരുപത് മിനിറ്റോളം കൂടിക്കാഴ്ച നടത്തിയിരുന്നു. എ.ഡി.എം നവീൻബാബുവിന്റെ മരണത്തോടനുബന്ധിച്ച വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം വേദി പങ്കിടേണ്ട എന്ന തീരുമാനത്തിലേക്കെത്തിയത് കൂടിക്കാഴ്ചയെ തുടർന്നാണ്.

സംഭവത്തിൽ വകുപ്പ് തല അന്വേഷണം നടത്തുന്ന ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർ എ. ഗീതയ്ക്ക് മുന്നിൽ മൊഴി നൽകിയ ശേഷമായിരുന്നു കളക്ടർ മുഖ്യമന്ത്രിയെ കാണാനെത്തിയത്. കഴിഞ്ഞദിവസം കളക്ടറേറ്റിലേക്ക് യുവജന സംഘടനകളുടെ മാർച്ചും ശക്തമായ പ്രതിഷേധവും ഉണ്ടായിരുന്നു.

ദിവ്യയെ തള്ളി

കളക്ടറുടെ മൊഴി

എ.ഡി.എമ്മിന്റെ യാത്രയയപ്പിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് ലാൻഡ് റവന്യു വിഭാഗം ജോയിന്റ് കമ്മിഷണർ എ. ഗീതയ്ക്ക് കളക്ടർ മൊഴി നൽകി. ദിവ്യയ്ക്ക് പങ്കെടുക്കുന്നതിനായി യാത്രയയപ്പ് സമയം മാറ്റിയിട്ടില്ലെന്നും കളക്ടർ പറഞ്ഞു. കളക്ടർ പി.പി. ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിലെ വാദമാണ് കളക്ടർ തള്ളിയത്. ഇക്കാര്യം സ്റ്റാഫ് കൗൺസിൽ ഭാരവാഹികൾ ഉൾപ്പെടെയുള്ള ജീവനക്കാരും സ്ഥിരീകരിച്ചു. മുൻകൂട്ടി തീരുമാനിച്ച സമയത്താണ് യാത്രയയപ്പ് നടന്നതെന്ന് സ്റ്റാഫ് കൗൺസിൽ അംഗങ്ങളും മൊഴി നൽകി. ഗീത രണ്ട് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിച്ചേക്കുമെന്നാണ് സൂചന. വിഷയം കൈകാര്യം ചെയ്തതിൽ കളക്ടർക്ക് വീഴ്ചയുണ്ടായി എന്ന നിഗമനം റിപ്പോർട്ടിലുണ്ടായാൽ നടപടി ഉറപ്പാണ്.