പിപി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ മാറ്റിവച്ചു; വാദം കേൾക്കുന്നതുവരെ ദിവ്യയ്‌ക്ക് പൊലീസ് സംരക്ഷണം
കൊച്ചി: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ പിപി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ മാറ്റിവച്ചു. ഈ മാസം 24ലേക്കാണ് ജാമ്യഹർജി മാറ്റിവച്ചിരിക്കുന്നത്. ഇന്ന് സാങ്കേതികമായ നടപടിക്രമങ്ങൾ മാത്രമാണ് നടന്നത്. 24-ാം തീയതി വരെ ദിവ്യയെ അറസ്റ്റ് ചെയ്യില്ലെന്നും പൊലീസ് സംരക്ഷണം ഉണ്ടാവുമെന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ട്. 24നായിരിക്കും ദിവ്യയുടെ വാദം കേൾക്കുക.
നവീൻ ബാബുവിനെതിരെ ഗൂഢാലോചന നടന്നെന്ന് കുടുംബം ആരോപിച്ചിരുന്നു. പിപി ദിവ്യയ്‌ക്കും കളക്‌ടർക്കും ഗൂഢാലോചനയിൽ പങ്കുണ്ടെന്നും കുടുംബം ആരോപിച്ചു. ദിവ്യ യാത്രയയപ്പ് ചടങ്ങിലെത്തുന്നത് ഈ ഗൂഢാലോചനയുടെ ഭാഗമായാണെന്നാണ് ആരോപണം.
അതേസമയം, കളക്‌ടർ ക്ഷണിച്ചിട്ടാണ് താൻ പരിപാടിയിൽ പങ്കെടുത്തതെന്നാണ് ദിവ്യ പറയുന്നത്. എന്നാൽ, ഈ വാദം നിഷേധിച്ച് കളക്‌ടർ രംഗത്തെത്തിയിരുന്നു. സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നതാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്.